കൽപറ്റ: പ്രിയങ്കാ ഗാന്ധി എംപിക്കെതിരെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. എംപി മണ്ഡലത്തിൽ ഉണ്ടായിട്ടും ജീവനൊടുക്കിയ ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. ജോസിന്റെ വീട് സന്ദർശിക്കാൻ കോൺഗ്രസ് എംഎൽഎമാർ ആരും തയ്യാറായില്ല. കോൺഗ്രസിന്റെ നേതാക്കന്മാർ അണികളുടെ ജീവനിൽ ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും റഫീഖ് ആരോപിച്ചു.
എൻഎം വിജയന്റെ കുടുംബവും കോൺഗ്രസും തമ്മിലുള്ള കരാർ ഉടമ്പടി ടി സിദ്ദിഖ് എംഎൽഎ പൂഴ്ത്തിയെന്ന് പറഞ്ഞ റഫീഖ് എൻഎം വിജയന്റെ കുടുംബത്തിന് ഔദാര്യമല്ല നൽകുന്നതെന്ന് കോൺഗ്രസ് മനസിലാക്കണമെന്നും കൂട്ടിച്ചേർത്തു. അണികളെ മരണത്തിലേക്ക് തള്ളിവിടുന്ന വ്യാപാരികളായി കോൺഗ്രസ് മാറി. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവും കുടുംബത്തെ വഞ്ചിച്ചു. പത്മജയുടെ ആത്മഹത്യാശ്രമത്തിൽ ഉത്തരവാദി കോൺഗ്രസാണ്. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ റഫീഖ് വ്യക്തമാക്കി.
അതേസമയം, വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് പ്രവർത്തകൻ എൻ എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പരമാവധി ഇടപെട്ടിരുന്നു എന്നായിരുന്നു ടി സിദ്ധിഖ് എംഎൽഎയുടെ പ്രതികരണം. പറഞ്ഞ കാര്യങ്ങൾ പാർട്ടി പാലിക്കില്ലെന്ന് എൻ എം വിജയന്റെ കുടുംബത്തിന് തോന്നലുണ്ടെന്നും അതുകൊണ്ട് താൻ മുൻകൈ എടുത്ത് കരാറെഴുതിയിരുന്നെന്നും സിദ്ധിഖ് വ്യക്തമാക്കി. പാർട്ടി ഒരാളെയും ചതിച്ചിട്ടില്ലെന്നും കുടുംബത്തോടുളള തുടർസമീപനം പാർട്ടി നേതൃത്വം പറയുമെന്നും സിദ്ധിഖ് പറഞ്ഞു.
എൻ എം വിജയന്റെ മരുമകൾ പത്മജ കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. 'കൊലയാളി കോൺഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വെച്ചായിരുന്നു പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.
Content Highlights: K Rafeeq against priyanka gandhi