സിദ്ധീഖ് കാപ്പനെ അധിക്ഷേപിച്ച് ടി പി സെൻകുമാർ; ഇത്തരം തീവ്രവാദികളിൽ നിന്ന് എവിടെ രക്ഷ കിട്ടുമെന്ന് FB പോസ്റ്റ്

ബിജെപിയെയും ബിജെപി സംസ്ഥാന മീഡിയാ സെല്‍ കണ്‍വീനറെയും ലക്ഷ്യം വെച്ചാണ് ടി പി സെന്‍കുമാറിന്‍റെ പോസ്റ്റ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ അധിക്ഷേപിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഹത്രാസ് യുഎപിഎ കേസ് പ്രതി സിദ്ധീഖ് കാപ്പന്‍ ഇന്ന് കൊച്ചി വഞ്ചി സ്‌ക്വയറില്‍ ഒരു പ്രതിഷേധ റാലി അഭിസംബോധന ചെയ്യുന്നുണ്ടെന്നും ഇത് ജാമ്യ വ്യവസ്ഥാ ലംഘനമാണെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചിയില്‍ ഉള്ള പ്രതിഷേധത്തെ പറ്റി, അതിനെതിരെ പ്രതിഷേധിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിഷേധിക്കുന്നത് കാണുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ബിജെപിയെയും ബിജെപി സംസ്ഥാന മീഡിയാ സെല്‍ കണ്‍വീനറെയും ലക്ഷ്യം വെച്ചാണ് ടി പി സെന്‍കുമാറിന്‍റെ പോസ്റ്റ്

'കാപ്പന്‍ ഹത്രാസ് യുഎപിഎ കേസില്‍ ജാമ്യത്തിലാണ്. ഈ പറയുന്ന രീതിയില്‍ പങ്കെടുക്കുന്നത് ജാമ്യ വ്യവസ്ഥാ ലംഘനമാണ്. പക്ഷേ ഈ കൊച്ചിയില്‍ ഉള്ള പ്രതിഷേധത്തെ പറ്റി അതിനെതിരെ പ്രതിഷേധിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിഷേധിക്കുന്നത് കാണുന്നില്ല. അതിനൊരു കാരണം എന്താണെന്ന് വെച്ചാല്‍ ഈ സിദ്ദീഖുമായി 'വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന' ഒരാള്‍ ആ പാര്‍ട്ടിയുടെ ഹെഡ് കോട്ടേഴ്‌സില്‍ ഉണ്ട് എന്നതാണ്. വളരെ പ്രധാനപ്പെട്ട ആളായിട്ട് നടക്കുന്നു എന്നുള്ളതാണ്. അതുകൊണ്ട് നമ്മള്‍ക്ക് എവിടെയാണ് ഇത്തരം തീവ്രവാദികളില്‍ നിന്ന് രക്ഷ കിട്ടുക', ടി പി സെന്‍കുമാര്‍ പറഞ്ഞു.

ടി പി സെന്‍കുമാര്‍ ഉദ്ദേശിച്ചത് ബിജെപിയെയും ബിജെപി സംസ്ഥാന മീഡിയാ സെല്‍ കണ്‍വീനറെയുമാണെന്നാണ് വിവരം. 'ഇങ്ങനെയുള്ളവരെയൊക്കെ ഇതിനെതിരെ നടപടിയെടുക്കേണ്ട രാഷ്ട്രീയപാര്‍ട്ടികളുടെ ഹെഡ് കോട്ടേഴ്‌സിലേക്ക് വെച്ചുകൊണ്ടിരുന്നാല്‍ ഈ ഭാരതത്തിന്റെ സ്ഥിതി എന്താകും? നമ്മള്‍ എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. ഇങ്ങനെയുള്ളവരെയൊക്കെ അവിടെ എടുത്തുവെച്ച് അതിന് അനുവദിച്ചവരെ നമ്മള്‍ എന്ത് പറയണം', എന്നായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.

യുഎപിഎ കേസ് പ്രതി റിജാസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള റാലിക്കെതിരെയാണ് ടി പി സെന്‍കുമാര്‍ രംഗത്തെത്തിയത്. 'ഇത് റിജാസ് ഒരു യുഎപിഎ കേസ് പ്രതി. അതായത് പഹല്‍ഗാം സംഭവത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്ന സമയം കൊച്ചിയില്‍ നിന്ന് പിടികൂടിയ ഒരു തീവ്രവാദി. ഈ തീവ്രവാദിയെ മഹാരാഷ്ട്ര പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. അതിനെ സംബന്ധിച്ച് അയാളെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടുള്ള ഒരു പ്രതിഷേധമാണ് കൊച്ചിയില്‍ നടത്തുന്നത്', എന്നായിരുന്നു പരിപാടിയെക്കുറിച്ച് സെന്‍കുമാര്‍ പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്ന പേരിലാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ റിജാസിനെതിരെ കേസെടുത്തത്.

Content Highlights:T P Senkumar against Sidheeq Kappan

To advertise here,contact us