കൊച്ചി: തൃശൂരിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാർട്ടിക്കകത്ത് ആരോപണങ്ങളോ പ്രശ്നങ്ങളോ ഇല്ലെന്നും പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. എ സി മൊയ്തീനെയും എം കെ കണ്ണനെയും കരിവാരി തേയ്ക്കാനാണ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാർ പരിശോധിക്കുകയാണ്. ആരോപണം ഉയർന്നാൽ ഉടനെ പുറത്താക്കാൻ കഴിയില്ല. നിയമവ്യവസ്ഥ പാലിച്ച് നടപടിയെടുക്കും. ഒരു പരാതിയും സർക്കാർ മൂടിവെച്ചിട്ടില്ലെന്നും പലതും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖയില് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ വി പി ശരത് പ്രസാദിനോട് പാര്ട്ടി വിശദീകരണം തേടും. ശരത് പ്രസാദിനെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആരോപണത്തിൽ വിശദീകരണം നല്കുന്നതിനായി ശരത്തിന് മൂന്ന് ദിവസമാണ് പാര്ട്ടി നല്കിയിരിക്കുന്നത്. ശരത് നേതാക്കളെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഫോണ് സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സംഭാഷണത്തിന്റെ വീഡിയോയും കയ്യിലുണ്ടെന്നാണ് ശബ്ദരേഖ പുറത്തുവിട്ടവര് പറയുന്നത്. പാര്ട്ടിയിലെ തര്ക്കങ്ങളെ തുടര്ന്നായിരുന്നു ശരത്തിന്റെ ഓഡിയോ പുറത്തുവിട്ടത്.
കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ, കോർപ്പറേഷൻ സ്ഥിരസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർക്കെതിരെയായിരുന്നു ശരത്തിന്റെ ആരോപണം. ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഒരു മിനിട്ട് 49 സെക്കൻഡ് നേരം നീണ്ടുനിൽക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
അഞ്ച് വർഷങ്ങൾക്ക് മുൻപത്തെ ഓഡിയോയാണ് ഇതെന്ന് ആദ്യം പ്രതികരിച്ചിരുന്ന ശരത് പിന്നീട് നിലപാട് മാറ്റുകയും താൻ ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും ഓഡിയോ ആധികാരികമല്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാൽ ശരത്തിനോട് സംസാരിക്കുന്നത് താൻ തന്നെയാണെന്ന് നിബിൻ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് നിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Content Highlights: t p ramakrishnan against the audio clip from thrissur