കിളിമാനൂരില്‍ വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം: ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒയുടെ വാഹനം

കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനാണ് (59) അപകടത്തില്‍ മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് കൂലിപ്പണിക്കാരനായ വയോധികന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണെന്ന് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനാണ് (59) അപകടത്തില്‍ മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു.

ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആര്‍. വാഹനം ഓടിച്ചത് അനില്‍കുമാര്‍ ആണോ എന്ന് അന്വേഷിക്കും. അനില്‍കുമാര്‍ ആണെന്ന് തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വാഹനം നിര്‍ത്താതെ പോയതടക്കമുളള വകുപ്പുകള്‍ ചുമത്തി കേസെടുക്കും.

വാഹനമോടിച്ചത് അനില്‍ കുമാര്‍ തന്നെയാണ് എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അനില്‍ കുമാറിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആള്‍ട്ടോ 800 കാറാണ് ഓടിച്ചിരുന്നത്. വേഗതയില്‍ പോകുന്ന സമയത്ത് ഒരാളെ ഇടിച്ചു എന്ന് മനസിലായിരുന്നു. എന്നാല്‍ അത് മരണത്തിലേക്ക് നയിക്കുന്ന ഗുരുതര സ്വഭാവമുളള വാഹനാപകടമാണ് എന്ന് മനസിലായില്ല. അതുകൊണ്ട് വാഹനം നിര്‍ത്താതെ മുന്നോട്ടുപോവുകയായിരുന്നു എന്നാണ് അനില്‍ കുമാര്‍ നല്‍കിയ മൊഴിയെന്നാണ് വിവരം.

Content Highlights: Parassala SHO's vehicle hit elderly man in kilimanoor, he dies

To advertise here,contact us