കൊച്ചി: ഫേസ്ബുക്കില് മാത്രം രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്ന സൈബര് വെട്ടുകിളി കൂട്ടങ്ങള്ക്ക് പൂട്ടിടാന് കെപിസിസി നേതൃത്വം തയ്യാറാകണമെന്ന് കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണലാല്. പാര്ട്ടി ഒറ്റക്കെട്ടായി കൂടിയാലോചന നടത്തി നടപടിയെടുത്ത ഒരു വിഷയത്തിനുമേല് കെപിസിസി നേതൃത്വത്തെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന കുലം മുടിക്കാനായി മാത്രം ഇറങ്ങിത്തിരിച്ച വെട്ടുകിളിക്കൂട്ടങ്ങള് റീല്സിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും രാഷ്ട്രീയ പ്രവര്ത്തനം നടത്തി വന്നവനല്ല വി ഡി സതീശന് എന്ന് ഓര്ക്കണമെന്നും കൃഷ്ണലാല് പറഞ്ഞു.
രാഹുല് മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശനും രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്ന യുവ വനിതാ നേതാവിന്റെ മൊഴി പുറത്തുവന്നതിനുപിന്നാലെ ഇരുവര്ക്കുമെതിരെ വ്യാപക സൈബര് ആക്രമണമാണ് യൂത്ത് കോണ്ഗ്രസ് പ്രൊഫൈലുകളില് നിന്നും ഉണ്ടായത്.
'പാര്ട്ടി പ്രവര്ത്തകരായ അമ്മ പെങ്ങന്മാരുടെയും ഈ നാട്ടിലെ സ്ത്രീകളുടെയും മാനത്തിന് വില പറയുന്നവര് ആരായാലും ശരി അവന് പാര്ട്ടിക്ക് പുറത്ത്, അതാണ് പാര്ട്ടി നിലപാട്. കെപിസിസി നേതൃത്വത്തെയും വി ഡി സതീശനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സോഷ്യല് മീഡിയയിലെ വെട്ടുകിളിക്കൂട്ടങ്ങളോട് പറയാനുളളത്, നിന്റെയൊക്കെ വീട്ടിലെ ഭാര്യമാരുടെയും മക്കളുടെയും പെങ്ങന്മാരുടെയും മാനത്തിന് പാര്ട്ടി ലേബല് ഉപയോഗിച്ച് വില പറയാന് ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില് അവര്ക്ക് കൂടിയുളള താക്കീതാണ് പാര്ട്ടി നല്കിയതെന്ന് മനസിലാക്കാനുളള വിവേകം എങ്കിലും ഈ സ്വയം പ്രഖ്യാപിത സോഷ്യല് മീഡിയാ നേതാക്കന്മാര്ക്ക് ഉണ്ടാകണം': കെ എം കൃഷ്ണലാല് പറഞ്ഞു.
ഏതെങ്കിലും നേതാവിന്റെ അജണ്ട നടപ്പാക്കാനും പാര്ട്ടി ലേബല് ഉപയോഗിച്ച് പാര്ട്ടിയെ പ്രതിസന്ധിയില് ആക്കുന്ന, പാര്ട്ടി പ്രവര്ത്തകരുടെ മനോവീര്യം തകര്ക്കുന്ന ഇത്തരത്തിലുളള വെട്ടുകിളി കൂട്ടങ്ങള്ക്ക് പൂട്ടിടാന് കെപിസിസി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഇത്തരക്കാരെ പാര്ട്ടിയെ സ്നേഹിക്കുന്ന പ്രവര്ത്തകര് ഒന്നടങ്കം നേരിടേണ്ട സ്ഥിതി വരുമെന്നും കൃഷ്ണലാല് കൂട്ടിച്ചേര്ത്തു.
രാഹുല് മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവർ നടപടി നേരിടേണ്ടിവരുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരായ നിലപാടിനെച്ചൊല്ലിയുളള സൈബര് പോര് കൈവിട്ടതോടെയാണ് നേതൃത്വം നിലപാട് കടുപ്പിച്ചത്. പാര്ട്ടി നിലപാട് കൂടിയാലോചനയിലൂടെ വ്യക്തമാക്കിയതാണ്. രാഹുലിനെതിരായ നടപടിയെ വിമര്ശിക്കുന്നവര് അച്ചടക്ക നടപടി നേരിടേണ്ടിവരും. നിലപാട് തുടര്ന്നാല് സസ്പെന്ഷന് അടക്കമുളള പാര്ട്ടി നടപടിക്കാണ് നിര്ദേശം. തീരുമാനത്തെ എറണാകുളം ജില്ലാ നേതൃത്വത്തില് എ-ഐ ഗ്രൂപ്പ് നേതാക്കള് പിന്തുണച്ചു.യോഗത്തില് പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തിരുന്നു.
Content Highlights: ksu leader km krishnalal against congress cyber team attacking vd satheesan on facebook