തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരെ കോണ്ഗ്രസ് നടപടിയെടുത്തത് സ്പീക്കറെ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കത്ത് നല്കിയത്. പാര്ലമെന്ററി പാര്ട്ടിയില് നിന്നും പുറത്താക്കിയതും അറിയിച്ചു. രാഹുല് മാങ്കൂട്ടത്തിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും.
ലൈംഗിക അതിക്രമ കേസിലെ പ്രതിയായ രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ നിയമസഭാ സമ്മേളനത്തില് പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ്സില് ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയാണ് കത്ത് കൈമാറിയത്. രാഹുല് നിയമസഭയില് വരുന്നതില് ശക്തമായ വിയോജിപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. രാഹുല് നിയമസഭാ സമ്മേളനത്തില് പങ്കെടുത്താല് സര്ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്.
അതേസമയം രാഹുലിനെ സംരക്ഷിക്കണമെന്നാണ് എ ഗ്രൂപ്പിന്റെയും ഒരു വിഭാഗം നേതാക്കളുടെയും നിലപാട്. ലൈംഗിക പീഡന ആരോപണങ്ങള് ഉയര്ന്നിട്ടും ഭരണകക്ഷി എംഎല്എമാര് സഭയില് എത്തുന്നുണ്ടെന്നാണ് ന്യായീകരണം. രാഹുല് മാങ്കൂട്ടത്തില് നിയമസഭാ സമ്മേളനത്തില് പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നാണ് കെപിസിസി അധ്യക്ഷന് സണ്ണി ജോസഫിന്റെ നിലപാട്.
Content Highlights: v d satheesan informs Speaker about action against Rahul mamkootathil