മലപ്പുറം: കെ ടി ജലീലിനെ വെല്ലുവിളിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. സിബിഐയില് പരാതി കൊടുത്താലും രോമത്തിന് പോറല് ഏല്പ്പിക്കാന് കഴിയില്ലെന്ന് പി കെ ഫിറോസ് പറഞ്ഞു. മലപ്പുറം പൂക്കോട്ടൂര് യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ ഫിറോസ്.
അങ്ങാടിയില് തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അല്പ്പനെ കാണുകയാണ്. മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് സീസണ് വണ്, എംഎല്എ സ്ഥാനം രാജിവെപ്പിക്കുന്ന സീസണ് ടു നാളെ യൂത്ത് ലീഗ് ആരംഭിക്കും. ഒരു ലീഗ് പ്രവര്ത്തകന്റെയും ദേഹത്ത് മണ്ണിടാന് കഴിയില്ല എന്നത് ആത്മവിശ്വാസമാണെന്നും പി കെ ഫിറോസ് പറഞ്ഞു. ജലീലിന്റെ പേരെടുത്തു പറയാതെയായിരുന്നു ഫിറോസിന്റെ പ്രസംഗം.
നാളെ 3 മണിക്ക് പി കെ ഫിറോസും യൂത്ത് ലീഗ് ഭാരവാഹികളും മലയാളം സര്വകലാശാലക്കായി ഏറ്റെടുത്ത തിരൂരിലെ ഭൂമി സന്ദര്ശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സര്വ്വകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതില് കെ ടി ജലീല് വ്യാപക അഴിമതി നടത്തിയതായി നേരത്തെ പി കെ ഫിറോസ് ആരോപിച്ചിരുന്നു. വിവാദം സജീവമാക്കാനാണ് യൂത്ത് ലീഗ് നീക്കം.
അതിനിടെ പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ ടി ജലീല് രംഗത്തെത്തി. 'കപ്പലണ്ടി വിറ്റ് നടന്നാല് മതിയായിരുന്നു'വെന്ന് സിപിഐഎമ്മിനെ പരിഹസിച്ച് പി കെ ഫിറോസ് ഫേസ്ബുക്കില് പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായി എന്തിനാ കപ്പലണ്ടി വില്ക്കുന്നത്? സാക്ഷാല് പൊരിച്ച കോഴിയല്ലേ ഇപ്പോള് വിറ്റ് കൊണ്ടിരിക്കുന്നത്? ഫണ്ട് മുക്കിയ പണം കൊണ്ട് 'മൊതലാളി' ആകുന്നതിലും എത്രയോ ഭേദം കടലക്ക വിറ്റ് നടക്കല് തന്നെയായിരുന്നുവെന്ന് ജലീല് തിരിച്ചടിച്ചു. ഫിറോസില് നിന്നും മറുപടി തേടി 15 ചോദ്യങ്ങളും കെ ടി ജലീല് പങ്കുവെച്ചിട്ടുണ്ട്.
തൃശ്ശൂര് ജില്ലയിലെ സിപിഐഎം നേതാക്കള്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള് ഉയര്ത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പി കെ ഫിറോസിന്റെ പരിഹാസം. കപ്പലണ്ടി വിറ്റുനടന്ന കണ്ണന് കോടിപതിയാണെന്നും എ സി മൊയ്തീന്റെ ഇടപാടുകള് അപ്പര്ക്ലാസിലെ ആളുകളുമായിട്ടാണെന്നും ശരത് ശബ്ദസന്ദേശത്തില് പറയുന്നുണ്ട്. ഇതിന് പിന്നാലെയായിരുന്നു പരിസഹിച്ച് പി കെ ഫിറോസ് രംഗത്തെത്തിയത്.
Content Highlights: Season 2 of resigning from MLA post starts tomorrow PK Firos against K T Jaleel