100 രൂപയിൽ കൂടുതൽ ഒരു ബാങ്ക് അക്കൗണ്ടിലുമില്ല; ഏത് ബാങ്കിലാണ് കോടികളുടെ അക്കൗണ്ട്?; എം കെ കണ്ണൻ

മണ്ണുത്തിയിലെ പാർട്ടിയിലെ ചുമതല തനിക്കായിരുന്നുവെന്നും എം കെ കണ്ണൻ പറഞ്ഞു

തൃശൂർ: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് എം കെ കണ്ണൻ.ഏത് ബാങ്കിലാണ് തൻ്റെ കോടികളുടെ അക്കൗണ്ടുള്ളതെന്നും 100 രൂപയിൽ കൂടുതലുള്ള ഒരു ബാങ്ക് അക്കൗണ്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.ശബ്ദ സംഭാഷണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേരും (നിബിൻ, ടിഎസ് ബിജു ) പാർട്ടിക്ക് പുറത്തായി. താൻ അങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ് ശരത് പറഞ്ഞത്. തൻ്റെ സാമ്പത്തിക സ്ഥിതി ഇഡി അന്വേഷിച്ചിരുന്നു. മണ്ണുത്തിയിലെ പാർട്ടിയിലെ ചുമതല തനിക്കായിരുന്നുവെന്നും എം കെ കണ്ണൻ പറഞ്ഞു.

സിപിഐഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്നാണ് ഓഡിയോ സന്ദേശത്തിൽ ശരത് പ്രസാദ് പറയുന്നത്. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാൽ മാസം കിട്ടുന്നതെന്നും ജില്ലാ ഭാരവാഹി ആയാൽ അത് 25,000 ത്തിന് മുകളിലാകും. പാർട്ടി കമ്മിറ്റിയിൽ വന്നാൽ 75,000 മുതൽ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രൻ പറയുന്നു.

'ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപി ഐഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കരാണ്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്‌സ് ആണ് അവർ. വർഗീസ് കണ്ടൻകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ സി മൊയ്തീൻ ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് എ സി മൊയ്തീൻ' എന്ന് ശരത് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

അതേസമയം, അഞ്ചുവർഷം മുൻപുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ് വ്യക്തമാക്കി. കരുവന്നൂർ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറയുന്നു. ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോൾ റെക്കോർഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തനിക്കൊപ്പം കമ്മിറ്റിയിൽ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് കൂട്ടിച്ചേർത്തു.

Content Highlights: m k kannan's responds about audio clip against him

To advertise here,contact us