വേദിയിലിരിക്കാൻ യോഗ്യതയില്ല, തെറ്റ് തിരുത്തിയില്ലെങ്കിൽ കെ ഇ ഇസ്മയിൽ പാര്‍ട്ടിക്ക് പുറത്താകും: ബിനോയ് വിശ്വം

കെ ഇ ഇസ്മയിലിന്റെ പാര്‍ട്ടി വിരുദ്ധ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ഇനി ആവര്‍ത്തിക്കരുതെന്നും നേതൃത്വം നിര്‍ദേശം നല്‍കി

തിരുവനന്തപുരം: തെറ്റ് തിരുത്തിയില്ലെങ്കില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷെ അത് അകത്ത് കയറ്റലല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

'വേദിയിലിരിക്കാന്‍ കെ ഇ ഇസ്മയിലിന് യോഗ്യതയില്ല. ഇസ്മയിലിന് ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി ദിവാകരനും ഒഴിവായി. പക്ഷെ അവര്‍ ഇവിടെയുണ്ട്. കെ ഇ ഇസ്മയില്‍ അങ്ങനെയല്ല. അദ്ദേഹം തുടര്‍ച്ചയായി പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയാണ്. ഞാന്‍ നേരിട്ട് പോയി അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷെ ഫലമുണ്ടായില്ല. കെ ഇ ഇസ്മയില്‍ മാത്രമല്ല പാര്‍ട്ടി ഉണ്ടാക്കിയത്. എകെജി അടക്കം ഒരുപാട് പേര്‍ ചോര നല്‍കിയതാണ് ഈ പാര്‍ട്ടി': ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തിൽ മറുപടി പ്രസംഗത്തിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. കെ ഇ ഇസ്മയിലിന്റെ പാര്‍ട്ടി വിരുദ്ധ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ഇനി ആവര്‍ത്തിക്കരുതെന്നും നേതൃത്വം നിര്‍ദേശം നല്‍കി.

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കെ ഇ ഇസ്മയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ നേരിടുന്നതിനാല്‍ സമ്മേളനത്തിലേക്ക് ഇസ്മയിലിന് ക്ഷണമുണ്ടായിരുന്നില്ല. സദസിലിരുന്ന് സമാപന സമ്മേളനത്തിന്റെ ഭാഗമാവാനാണ് ഇസ്മയിലിന്റെ തീരുമാനം. അണികളില്‍ ഒരാളായി പ്രകടനത്തില്‍ പങ്കെടുക്കാനും ആലോചനയുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന സഖാക്കളെ കാണാനാണ് എത്തുന്നതെന്ന് ഇസ്മയില്‍ പറഞ്ഞു. സമാപന സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ഉദ്ഘാടനം ചെയ്യുന്നത്.

സംസ്ഥാന സമ്മേളനത്തിൽ തന്നെ വിലക്കിയതിനെതിരെ കെ ഇ ഇസ്മയിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജീവിതകാലം മുഴുവൻ പാർട്ടിയിൽ പ്രവർത്തിച്ചിട്ടും തന്നെ വിലക്കിയതിൽ ദുഃഖമുണ്ടെന്നും താൻ ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു. 'പാർട്ടിയുടെ പ്രാഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചത്. ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കാൻ പാടില്ലത്രേ. അച്യുതമേനോനും എം എനും എസ് കുമാരനും എൻ ഇ ബലറാമും പികെവിയും വെളിയവും നേതൃത്വമായി പ്രവർത്തിച്ച കാലത്ത് അവരോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ഒരെളിയ പ്രവർത്തകനാണ് ഞാൻ. അവരുടെ കാലത്ത് ഏൽപ്പിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ച അനുഭവം ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നു. പറയാനുളളത് പിന്നീട് ഞാൻ പറയും': എന്നാണ് കെ ഇ ഇസ്മയിൽ ഫേസ്ബുക്കിൽ കുറിച്ചത്.

സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ് ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തത്. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില്‍ പി രാജു സംഘടനാ നടപടിക്ക് വിധേയനായിരുന്നു. ഈ നടപടിയില്‍ രാജുവിന് വിഷമം ഉണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. സംഭവത്തില്‍ ഇസ്മയിലില്‍ നിന്ന് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. പിന്നാലെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംസ്ഥാന കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിച്ചതോടെ നടപടി പ്രാബല്യത്തില്‍ വരികയും ചെയ്തു.

Content Highlights: 'If the mistake is not corrected, KE Ismail will be expelled from the party': Binoy Vishwam

To advertise here,contact us