കോർണിയ അൾസറിന് കാരണം അമീബ ആണെന്ന് അന്ന് കണ്ടെത്തി; യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് വീണാ ജോർജ്

രോഗം 46% ആളുകളിലേക്ക് എത്തിയത് കിണർ വെള്ളത്തിൽ നിന്നാണെന്നും ചില സൂചനകള്‍ യുഡിഎഫ് ഭരണകാലത്ത് കണ്ടെത്തിയിരുന്നുവെന്നും വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രംഗത്ത്. കോര്‍ണിയ അള്‍സറിന് കാരണം അമീബയാണെന്നും അത് 46% ആളുകളിലേക്ക് എത്തിയത് കിണർ വെള്ളത്തിൽ നിന്നാണെന്നും ചില സൂചനകള്‍ യുഡിഎഫ് ഭരണകാലത്ത് ചില ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നതായും എന്നാല്‍ സര്‍ക്കാര്‍ അതിന് യാതൊരു പ്രാധാന്യവും നല്‍കിയില്ല എന്നുമാണ് ആരോഗ്യ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.

കോര്‍ണിയ അള്‍സറിന് കാരണം അമീബയാണെന്ന് യുഡിഎഫ് ഭരണകാലത്ത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡി. കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നതായി വീണാ ജോര്‍ജ് വ്യക്തമാക്കി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും യുഡിഎഫ് സര്‍ക്കാര്‍ അന്ന് ഒന്നും ചെയ്തില്ലെന്നും കുറിപ്പില്‍ പറയുന്നു.ഇന്നത്തെ സര്‍ക്കാരാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ച് കൂടുതല്‍ കണ്ടെത്തിയത്. അന്ന് ഒന്നും ചെയ്യാത്തവരാണ് ഇന്ന് കുറ്റപ്പെടുത്തുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വീണാ ജോര്‍ജ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ടവരെ ഇന്ന് ഒരു പഠനരേഖ ഇവിടെ പങ്കുവയ്ക്കട്ടെ.

2013ലെ പഠനമാണ് കേട്ടോ. പഠനം നടത്തിയത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ.

ഡോ. അന്ന ചെറിയാനും ഡോ.R ജ്യോതിയും.

അമീബയും അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങളും എപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍‍ഡിലെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ കണ്ടെത്തിത്തന്ന ഈ പഠന രേഖ. 2013ലെ പഠനം.

രണ്ട് ഡോക്ടർമാർ. അവര്‍ സ്വന്തം നിലയില്‍ പഠനം നടത്തി അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്‍റെ ആരോഗ്യ വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി.

എന്താണ് ഈ പഠനത്തിൽ ഉള്ളത് എന്നല്ലേ?.

ഇവരുടെ മുന്നിൽ എത്തിയ കോർണിയ അൾസർ കേസുകളുടെ പരിശോധനയിൽ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. മാത്രമല്ല 64% ആളുകൾക്കും രോഗം ഉണ്ടായത് കിണർ വെള്ളത്തിലെ അമീബയിൽ നിന്നാണെന്ന് സംശയിക്കുന്നതായി ഈ ഡോക്ടര്‍മാര്‍ കണ്ടെത്തി. സ്വാഭാവികമായി നമ്മില്‍ ചിലരെങ്കിലും ചോദിച്ചേക്കാം.

. അന്ന് സർക്കാർ എന്ത് നടപടി സ്വീകരിച്ചു? നിർഭാഗ്യകരം എന്ന് പറയട്ടെ.

ഈ പഠന റിപ്പോർട്ടോ, അമീബ മൂലമുള്ള കേസുകളോ അന്ന് ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിച്ചില്ല.

രണ്ടാഴ്ച മുമ്പാണ് ഈ പഠന റിപ്പോര്‍ട്ട് കണ്ടത്. ഡോ. അന്നാ ചെറിയാന്‍റെ നമ്പര്‍ കണ്ടെത്തി ഞാന്‍ വിളിച്ചു. രണ്ട് ഡോക്ടര്‍മാരോടുമുള്ള ആദരവ് അറിയിച്ചു.

ഇനി ഈ സർക്കാർ എങ്ങനെയാണ് ചില കിണറുകളിലേയും ജലസംഭരണികളിലേയുമൊക്കെ വെള്ളത്തിലെ അമീബ രോഗമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയത് എന്നുകൂടി പറയട്ടെ. 2023ലെ കോഴിക്കോട്ടെ നിപ ഔട്ട് ബ്രേക്കിന് ശേഷം പ്രത്യേകിച്ചും മസ്തിഷ്ക ജ്വരങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യണമെന്ന് കർശന നിർദേശം മുന്നോട്ടുവച്ചു. മാത്രമല്ല എന്ത് കാരണത്താൽ ഉണ്ടാകുന്നു എന്ന് കണ്ടെത്തണമെന്നും. 2023ല്‍ രണ്ട് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

രോഗത്തിന്‍റെ പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യമായി ഒരു സംസ്ഥാനം ഗൈഡ് ലൈൻ ഇറക്കിയത് കേരളമാണ്, 2024ല്‍.

ജലാശയങ്ങളിൽ മുങ്ങുന്നവർക്കും കുളിക്കുന്നവർക്കും മാത്രമല്ല രോഗം ഉണ്ടാകുന്നത് എന്ന് കൂടി2024 നാം കണ്ടെത്തി. അതിനാല്‍ നാം ഗൈഡ് ലൈനിൽ ഭേദഗതി വരുത്തി. ജലാശയങ്ങളുമായി സമ്പർക്കം ഇല്ലെങ്കിലും അമീബിക് മസ്തിഷ്ക ജ്വരത്തിന് പരിശോധന നടത്തണം. ഈ വ്യവസ്ഥ ഗൈഡ് ലൈനില്‍ ഉള്‍പ്പെടുത്തി. അങ്ങനെ വ്യവസ്ഥ ചെയ്യുന്ന ലോകത്തിലെ ആദ്യ ഭൂപ്രദേശം കേരളമാണ്. സിഡിസി അറ്റ്ലാന്‍ഡയുടെ (യുഎസ്) ഗൈഡ് ലൈനിലും ഇതില്ല. അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഏകാരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ ഭൂപ്രദേശവും കേരളമാണ്. കൂടുതൽ കേസുകൾ നമ്മൾ കണ്ടെത്താൻ തുടങ്ങി. നമ്മുടെ മുന്നിലെത്തിയ രോഗികളിൽ രോഗം കണ്ടെത്തി. രോഗത്തിന് കാരണം അമീബ ആണെന്ന് കണ്ടെത്തി. അതിന്‍റെ ഉറവിടം കണ്ടെത്തി പൊതുജനാരോഗ്യ ഇടപെടൽ നടത്താൻ നാം ആരംഭിച്ചു. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ജലശുദ്ധിക്കായി ക്യാമ്പയിൻ ആരംഭിച്ചു.

Thanks to the brilliant people around me,

Content Highlight; It was discovered that the cause of the corneal ulcer was amoeba; Veena George says the UDF government did nothing

To advertise here,contact us