ആലപ്പുഴ: വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോർട്ടറിനോട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയമാണ് ആദ്യലക്ഷ്യങ്ങളിലൊന്ന്. എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടിവന്നത് സിപിഐ സ്വീകരിച്ച നിലപാട് കൊണ്ടാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പാർട്ടിയിൽ വിശ്വാസമുണ്ടാക്കിയ സമ്മേളനമാണ് നടന്നതെന്ന് പറഞ്ഞ അദ്ദേഹം എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി. അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയിൽ തീരുമാനം അംഗീകരിക്കുന്നു. ഇടതുപക്ഷ ഐക്യമാണ് പ്രധാനപ്പെട്ടത്. ആ തിരിച്ചറിവ് പാർട്ടിക്കുണ്ട്. രാഷ്ട്രീയ അസ്തിത്വം ഉയർത്തിപ്പിടിക്കും. ഒരു പടനായകനും ഒറ്റക്ക് ജയിക്കില്ല. തനിക്ക് ആ ബോധ്യമുണ്ട്. വിമർശനങ്ങളടക്കം കാത്തു നിൽക്കുന്നുണ്ടന്നറിയാം. കമ്മ്യൂണിസ്റ്റ് പാർട്ടി മാധ്യമ സൗഹൃദമാകും. സമ്മേളനത്തിൽ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. നേതൃത്വം പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തും. ലോക്കപ്പ് മർദ്ദനങ്ങളെ സിപിഐ അംഗീകരിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സിപിഐ പങ്കാളിയായ സർക്കാരിൻ്റെ നയമല്ല ലോക്കപ്പ് മർദ്ദനം. ഉദ്യോഗസ്ഥരെ വെറുതെ വിടില്ല.താഴെയും മുകളിലും അത്തരം ഉദ്യോഗസ്ഥരുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു. 2023 മുതൽ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2022-ൽ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പിന്നീട് കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്നാണ് 2023-ൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സെപ്റ്റംബർ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായത്. ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചിൽ തയ്യാറാക്കിയിരിക്കുന്ന അതുൽ കുമാർ അഞ്ജാൻ നഗറിലാണ് പൊതുസമ്മേളനം. വോളിണ്ടിയർ പരേഡിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
Content Highlights: Binoy viswam says one of the first goals is victory in the local body elections