വേടൻ്റെ വളർച്ച ഒരുകൂട്ടം ആളുകളെ അസ്വസ്ഥമാക്കുന്നു, കുടുംബം ട്രോമയിലാണ്: വേടൻ്റെ സഹോദരൻ

'വേടൻ പറയുന്ന രാഷ്ട്രീയം പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്'

തൃശൂർ: വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ്റെ സഹോദൻ. കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്ന് റാപ്പർ വേടന്റെ സഹോദരൻ ഹരിദാസ് വ്യക്തമാക്കി. ആദ്യമായിട്ടാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. പരാതി കൊടുത്തതിനു ശേഷം പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികൾ വരുന്നതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബത്തിന് വലിയ ട്രോമയുണ്ട്. അടുത്തിടെയാണ് ഇത്തരത്തിലൊരു വേട്ടയാടൽ വന്നു തുടങ്ങിയത്. അദ്ദേഹം പറയുന്ന രാഷ്ട്രീയം അങ്ങനെയുള്ളതാണ്. വേടൻ പറയുന്ന രാഷ്ട്രീയം പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. ആരെങ്കിലുമൊക്കെ ഇത് പറയണ്ടേ. അങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കുമ്പോൾ തന്നെ രാഷ്ട്രീയമായി എതിർപ്പുണ്ട്. വേടൻ്റെ വളർച്ച ഒരുകൂട്ടം ആളുകളെ അസ്വസ്ഥമാക്കുന്നുണ്ട്. മാധ്യമങ്ങളിലും പൊലീസിലും നീതിപീഠത്തിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ഹരിദാസ് കൂട്ടിച്ചേർത്തു.

'ഇൻഡസ്ട്രിയിൽ ഉള്ളവർ വിളിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്തത്. പൊലീസുകാരെല്ലാവരും മാന്യമായിട്ടാണ് പെരുമാറിയത്.രണ്ടുതവണ അറ്റാക്ക് കഴിഞ്ഞിരിക്കുന്ന മനുഷ്യനാണ് അച്ഛൻ. ടിവി വെച്ച് നോക്കുമ്പോൾ മകനെ പറ്റിയുള്ള വാർത്തകൾ ഇങ്ങനെ വന്നുകൊണ്ടിരിക്കുമ്പോൾ കേൾക്കുന്ന ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ. സഹോദരി ആലപ്പുഴയിലാണ്. അവളോടും സുഹൃത്തുക്കൾ ഇത്തരം കാര്യങ്ങൾ ചോദിക്കുമ്പോൾ വലിയ ട്രോമയാണുള്ളത്. ആലപ്പുഴയിൽ നിന്ന് രണ്ടുദിവസം മുമ്പാണ് വന്നുപോയത്. വേടന്റെ പരിപാടികൾ എടുക്കുന്നവർ സാമ്പത്തികമായി വലിയ ലോബി ഒന്നുമല്ല. അവർക്ക് കൂടി മെച്ചമുണ്ടാകുന്ന രീതിയിലാണ് പരിപാടികൾ ചെയ്തിരുന്നത്. അവരെയും ബുദ്ധിമുട്ടിലാക്കുന്ന തരത്തിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. പാട്ടുകൾ അവസാനിപ്പിക്കാൻ ഇടപെടുന്നത് ശരിയായ രീതിയ'ല്ലെന്നും ഹരിദാസ് കൂട്ടിച്ചേർത്തു.

വേടനെതിരെ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. രാഷ്ട്രീയമായ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്നും കുടുംബം പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

ബലാത്സംഗക്കേസിൽ റാപ്പർ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എല്ലാം പിന്നീട് പറയാമെന്നായിരുന്നു വേടന്റെ പ്രതികരണം.വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.

എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ലൈംഗിക ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം വേടൻ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയിൽ നടന്ന സംഗീത പരിപാടിയിലാണ് വേടൻ പങ്കെടുത്തത്. താൻ എവിടെയും പോയിട്ടില്ലെന്ന് വേടൻ പരിപാടിക്കിടെ പറഞ്ഞിരുന്നു.

Content Highlights: vedan's brother about complaint to cm

To advertise here,contact us