രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയർന്നിരുന്നു, നിയമസഭയിൽ വരുമോയെന്ന് പിന്നീട് അറിയാം: വി ഡി സതീശൻ

കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ വി ഡി സതീശന്‍ വിമര്‍ശിച്ചു

കൊച്ചി: മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൂടിയാലോചിച്ച് ഒരുമിച്ചെടുത്ത തീരുമാനമാണ് നിലവിലെ നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ നിയമസഭയില്‍ വരുമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അത് പിന്നീട് അറിയാമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ വി ഡി സതീശന്‍ വിമര്‍ശിച്ചു. 'ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്. മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നത്. ജനങ്ങളോട് മറുപടി പറയണം. ഡിജിപി അല്ല പ്രതികരിക്കേണ്ടത്', വി ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ചയാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പിനെതിരായ ആരോപണത്തിന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി മറുപടി പറഞ്ഞാല്‍ പോര. പൊലീസ് ഗുണ്ടാസംഘത്തിനും ക്രിമിനല്‍ സംഘത്തിനും മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ വ്യാജ പരാതികള്‍ നല്‍കുന്ന വിവരവും പുറത്ത് വരുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശനും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്നാണ് ഉയരുന്ന ആരോപണം. കോട്ടയം സ്വദേശിനിയായ ജീന സജി തോമസാണ് പരാതി നല്‍കിയത്. ഇവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.

Content Highlights: V D Satheesan about Rahul Mamkootathil

To advertise here,contact us