തിരുവനന്തപുരം: കെ ഇ ഇസ്മയില് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില് പങ്കെടുക്കും. സസ്പെന്ഷന് നേരിടുന്നതിനാല് സമ്മേളനത്തിലേക്ക് ഇസ്മയിലിന് ക്ഷണമുണ്ടായിരുന്നില്ല. സദസിലിരുന്ന് സമാപന സമ്മേളനത്തിന്റെ ഭാഗമാവാനാണ് ഇസ്മയിലിന്റെ തീരുമാനം. അണികളില് ഒരാളായി പ്രകടനത്തില് പങ്കെടുക്കാനും ആലോചനയുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന സഖാക്കളെ കാണാനാണ് എത്തുന്നതെന്ന് ഇസ്മയില് പറഞ്ഞു. നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം. സമാപന സമ്മേളനം സിപിഐ ജനറല് സെക്രട്ടറി ഡി രാജയാണ് ഉദ്ഘാടനം ചെയ്യുന്നത്.
സംസ്ഥാന സമ്മേളനത്തിൽ തന്നെ വിലക്കിയതിനെതിരെ കെ ഇ ഇസ്മയിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജീവിതകാലം മുഴുവൻ പാർട്ടിയിൽ പ്രവർത്തിച്ചിട്ടും തന്നെ വിലക്കിയതിൽ ദുഖമുണ്ടെന്നും താൻ ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു. 'പാർട്ടിയുടെ പ്രഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചത്. ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കാൻ പാടില്ലത്രേ. അച്യുതമേനോനും എം എനും എസ് കുമാരനും എൻ ഇ ബലറാമും പികെവിയും വെളിയവും നേതൃത്വമായി പ്രവർത്തിച്ച കാലത്ത് അവരോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ഒരെളിയ പ്രവർത്തകനാണ് ഞാൻ. അവരുടെ കാലത്ത് ഏൽപ്പിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ച അനുഭവം ഓര്മയില് നിറഞ്ഞുനില്ക്കുന്നു. പറയാനുളളത് പിന്നീട് ഞാൻ പറയും': എന്നാണ് കെ ഇ ഇസ്മയിൽ ഫേസ്ബുക്കിൽ കുറിച്ചത്.
സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തെ തുടര്ന്നാണ് ഇസ്മയിലിനെ സസ്പെന്ഡ് ചെയ്തത്. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില് പി രാജു സംഘടനാ നടപടിക്ക് വിധേയനായിരുന്നു. ഈ നടപടിയില് രാജുവിന് വിഷമമുണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. സംഭവത്തില് ഇസ്മയിലില് നിന്ന് നേരത്തെ തന്നെ പാര്ട്ടി വിശദീകരണം തേടിയിരുന്നു. പിന്നാലെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സസ്പെന്ഡ് ചെയ്യുകയായിരുന്നു. സംസ്ഥാന കൗണ്സില് ശുപാര്ശ അംഗീകരിച്ചതോടെ നടപടി പ്രാബല്യത്തില് വരികയും ചെയ്തു.
Content Highlights: KE Ismail will participate in the CPI state conference last day