'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം, രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു', മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

രാഷ്ട്രീയമായ ഗൂഢാലോചന സംശയിക്കുന്നുവെന്ന് സഹോദരൻ പരാതിയിൽ പറയുന്നു

തിരുവനന്തപുരം: റാപ്പർ വേടനെതിരെ ഗൂഢാലോചനയെന്ന ആരോപണവുമായി കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. രാഷ്ട്രീയമായ ഗൂഢാലോചന സംശയിക്കുന്നുവെന്ന് സഹോദരൻ പരാതിയിൽ പറയുന്നു. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്നും കുടുംബം പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

ബലാത്സംഗക്കേസിൽ റാപ്പർ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എല്ലാം പിന്നീട് പറയാമെന്നായിരുന്നു വേടന്റെ പ്രതികരണം.വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.

എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ലൈംഗിക ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം വേടൻ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയിൽ നടന്ന സംഗീത പരിപാടിയിലാണ് വേടൻ പങ്കെടുത്തത്. താൻ എവിടെയും പോയിട്ടില്ലെന്ന് വേടൻ പരിപാടിക്കിടെ പറഞ്ഞിരുന്നു.

'ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയി എന്നാണ്. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാൻ തന്നെയാണ് വന്നിരിക്കുന്നത്', എന്നാണ് വേടൻ പറഞ്ഞത്. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറിയത്.

Content Highlights:Family alleges conspiracy against rapper Vedan

To advertise here,contact us