ജീവിച്ചിരുന്നപ്പോള്‍ പൊതിച്ചോര്‍ നല്‍കിയ സഖാവ്, മരണാനന്തരം ഹൃദയവും; ഐസകിന് ആദരാഞ്ജലി നേര്‍ന്ന് വി കെ സനോജ്

റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍പ്പെട്ട ഐസകിന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന്‍ ഏലിയാസിന് നല്‍കുകയായിരുന്നു

കൊച്ചി: 'ജീവിച്ചിരുന്ന നാളുകളില്‍ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്‍കിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നല്‍കി യാത്രയാവുകയാണ്…' കൊല്ലം സ്വദേശി ഐസക് ജോര്‍ജിനെക്കുറിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കുറിച്ച വാക്കുകളാണിത്. റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍പ്പെട്ട ഐസകിന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന്‍ ഏലിയാസിന് നല്‍കുകയായിരുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ അജിനിന്റെ ശരീരത്തില്‍ ഐസകിന്റെ ഹൃദയം സ്പന്ദിച്ചുതുടങ്ങി.

ഡിവൈഎഫ്‌ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ ഉള്ള വടകോട് യൂണിറ്റ് മുന്‍ പ്രസിഡന്റായിരുന്നു ഐസക് ജോര്‍ജ്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു ഐസക്കിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ച് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി.

33 കാരനായ ഐസക് ജോര്‍ജിന് കഴിഞ്ഞ ഏഴാം തീയതിയാണ് വാഹന അപകടത്തില്‍ പരിക്കേറ്റത്. പരമാവധി ചികിത്സ നല്‍കിയെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അതോടെയാണ് അവയവദാനം നടത്താന്‍ കുടുംബം തീരുമാനിച്ചത്. 29-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയയാണ് എറണാകുളം ലിസി ആശുപത്രിയില്‍ നടന്നത്. ഐസക് ജോര്‍ജിന്റെ ഹൃദയം അജിന്‍ ഏലിയാസില്‍ മിടിച്ച് തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് വി കെ സനോജ് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്

ഹൃദയപൂര്‍വം…????ജീവിച്ചിരുന്ന നാളുകളില്‍ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്‍കിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നല്‍കി യാത്രയാവുകയാണ്.ചികിത്സയിലായിരിക്കെ മസ്തിഷ്‌ക മരണമടഞ്ഞ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയംഇനി ലിസിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിന് ജീവന്‍ പകരും.ഡി.വൈ.എഫ്.ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റി കീഴില്‍ ഉള്ള വടകോട് യൂണിറ്റ് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു ഐസക് ജോര്‍ജ്.തീവ്ര ദുഃഖത്തിലും അവയവം ദാനം നല്‍കാന്‍ സന്നദ്ധരായ പ്രിയ സഖാവിന്റെ ബന്ധുക്കളെ സ്‌നേഹപൂര്‍വം അഭിവാദ്യം ചെയ്യുന്നു. സഖാവിന്റെ അകാല വിടവാങ്ങലില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു…

Content Highlights: DYFI Leader V K Sanoj About Isac George who Donates Heart

To advertise here,contact us