രാഹുലിനെതിരായ കേസ്; അന്വേഷണം വഴിതെറ്റിക്കാൻ വ്യാജ പരാതി?; സതീശനും ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്ന് ആരോപണം

പരാതിക്കാരിക്കെതിരെ വിസ തട്ടിപ്പ് കേസ് അടക്കം നിലനിൽക്കുന്നുണ്ട്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ വ്യാജ പരാതികളെന്ന് വിവരം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കോട്ടയം സ്വദേശിനിയായ ജീന സജി തോമസാണ് പരാതി നല്‍കിയത്. ഇവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ജീന പൊലീസില്‍ പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ജീനയുടെ പരാതിയില്‍ പറയുന്നത്. ഇതിന് പിന്നില്‍ സതീശനും ചെന്നിത്തലയുമാണെന്നും ജീന ആരോപിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാവി തകര്‍ക്കാനാണ് ഇരുവരും ശ്രമിച്ചത്. അതിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളും പരാതികളും സൃഷ്ടിച്ചുവെന്നും ജീന പറയുന്നു. ഇതനുസരിച്ച് യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് ഗൗരവത്തില്‍ എടുത്തിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാനാണ് യുവതിയുടെ ശ്രമമെന്നാണ് പൊലീസ് കരുതുന്നത്. യുവതിക്കെതിരെ വിസ തട്ടിപ്പ് കേസുകള്‍ അടക്കമുണ്ടെന്നും പരാതിയും മൊഴികളും ഗൗരവത്തിലെടുക്കേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ രണ്ട് കേസുകളാണുള്ളത്. ഒന്ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാനഡയില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ചു എന്നതാണ് കേസ്. ഇതിന്റെ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. മറ്റൊരു കേസ് ബാങ്കുമായി ബന്ധപ്പെട്ടാണ്. ബാങ്കില്‍ നിന്ന് പണം തട്ടിച്ചുവെന്നാണ് യുവതിക്കെതിരായ കേസ്. യുവതിക്കെതിരെ കേസുകള്‍ ഉള്ള പശ്ചാത്തലത്തില്‍ ഇവര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ ആധികാരികത ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അതേസമയം ജീനക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ജീനയുടേത് പെയ്ഡ് പരാതിയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.

അതിനിടെ രാഹുലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായുള്ള വിവരം പുറത്തുവന്നു. ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ യുവ വ്യവസായിയാണെന്നുള്ള വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. അശാസ്ത്രീയ ഗര്‍ഭഛിദ്രം നടന്നത് നാലാം മാസമാണ്. രാഹുലിനൊപ്പം വ്യവസായിയും ഗര്‍ഭഛിദ്രത്തിന് യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. വ്യവസായി യുവതിയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്തനംതിട്ട സ്വദേശിയാണ് രാഹുലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യുവ വ്യവസായി. ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസില്‍ വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.

രാഹുലിനെതിരെ തെളിവുകള്‍ ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാഹുലിന് പുറമേ മറ്റൊരാള്‍കൂടി യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നുള്ള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. കേസില്‍ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവരുെട മൊഴി രേഖപ്പെടുത്തുന്ന നടപടികളും ക്രൈംബ്രാഞ്ച് തുടരുകയാണ്. ഇന്നലെ നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. രാഹുലിനെതിരായ നടപടികള്‍ക്ക് തുടക്കമിട്ടതിന് റിനിയുടെ വെളിപ്പെടുത്തലുകളായിരുന്നു. രാഹുല്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ പകര്‍പ്പ് നടി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. റിനിക്ക് പുറമേ പരാതിക്കാരായ പതിനൊന്ന് പേരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നുണ്ട്. ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരായ മറ്റ് പതിനൊന്ന് പേരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.

യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു റിനി നേരത്തേ വെളിപ്പെടുത്തിയത്. രാഹുലിന്റെ പേര് റിനി പറഞ്ഞിരുന്നില്ല. ഒരു യുവ യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും 'ഹു കെയേഴ്‌സ്' എന്നതായിരുന്നു അയാളുടെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തികയും രാഹുലിനെതിരെ രംഗത്തെത്തി. റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് രാഹുല്‍ പറഞ്ഞതായായിരുന്നു അവന്തിക പറഞ്ഞത്. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇതിന് ശേഷവും രാഹുലിനെതിരെ ആരോപണങ്ങള്‍ പുറത്തുവന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമായിരുന്നു പുറത്തുവന്നത്. നിന്നെ കൊല്ലാന്‍ എത്രസമയമാണ് വേണ്ടതെന്നാണ് കരുതുന്നതെന്നും സെക്കന്‍ഡുകള്‍ കൊണ്ട് കൊല്ലാന്‍ സാധിക്കുമെന്നുമാണ് രാഹുല്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയോട് ചവിട്ടുമെന്നും രാഹുല്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ കുരുക്ക് മുറുകി. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights- Crime branch doubted fake complaint filed to mislead case against rahul mamkootathil

To advertise here,contact us