'സമ്മേളന റിപ്പോർട്ടിൽ പൊലീസിനെ വെള്ളപൂശി'; ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമർശനം

മൂന്നാമതും തുടർഭരണം കിട്ടുന്നില്ലെങ്കിൽ അതിന്റെ കാരണക്കാർ പൊലീസ് ഭരണമായിരിക്കുമെന്ന് കുറ്റപ്പെടുത്തി പ്രതിനിധികൾ

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിൽ റിപ്പോർട്ടിനെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പിനെ റിപ്പോർട്ടിൽ വെള്ളപൂശിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. റിപ്പോർട്ട് എഴുതിയത് ആരാണെന്നും പ്രതിനിധികൾ ചോദിച്ചു. അഭ്യന്തര വകുപ്പ് സർക്കാരിന് കളങ്കമാണെന്നും പൊലീസിനെ നിലയ്ക്ക് നിർത്താൻ ആകുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. പൊലീസ് സർക്കാരിൻ്റെ ശോഭ കെടുത്തുന്നുവെന്നും വിമർശനം ഉയർന്നു. മൂന്നാം ഭരണത്തിന് വിഘാതം ആകുന്നത് പൊലീസ് ഭരണമാണെന്നും മൂന്നാമതും തുടർഭരണം കിട്ടുന്നില്ലെങ്കിൽ അതിന്റെ കാരണക്കാർ പോലീസ് ഭരണമായിരിക്കുമെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

യുഡിഎഫിന്റെയും ബിജെപിയുടെയും താൽപര്യം സംരക്ഷിക്കുന്നവർ പൊലീസിൽ ഉണ്ട്. ഐപിഎസ് മുതൽ താഴെത്തട്ട് വരെ അത്തരം ഉദ്യോഗസ്ഥർ ഉണ്ട്. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. പൊലീസ് ചെയ്യുന്നത് നാട്ടുകാർ കാണുന്നുണ്ടെന്നും എന്നിട്ടും ആഭ്യന്തര വകുപ്പിനെ വെള്ളപൂശി എന്നുമായിരുന്നു വിമർശനം. എന്തിനാണ് പൊലീസിനെ ഇങ്ങനെ പിന്തുണക്കുന്നതെന്നും പ്രതിനിധികൾ ചോദിച്ചു. മലപ്പുറം, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പൊലീസിനെ വെള്ളപൂശിയ റിപ്പോ‍ർട്ടിനെതിരെ രം​ഗത്തുവന്നത്.

സംസ്ഥാന നേതൃത്വത്തിനെതിരെയും പ്രതിനിധി ചർച്ചയിൽ വിമർശനം ഉയർന്നു. പഴയത് പോലെ വേറിട്ട ശബ്ദമാകൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. നേതൃത്വത്തിൽ മുഴുവൻ പ്രായം ചെന്നവരാണ്. അവർക്ക് പാർട്ടി വളർത്താൻ കഴിയുന്നില്ലെന്നും പുതിയ ആളുകളെ നേതൃത്വത്തിൽ എത്തിക്കാത്തത് വീഴ്ചയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. തെറ്റുകൾ കണ്ടാൽ അതിനെതിരെ സംസാരിച്ചിരുന്ന നേതൃത്വം സിപിഐക്ക് ഉണ്ടായിരുന്നുവെന്നും വെളിയവും ചന്ദ്രപ്പനും നയിച്ച പാർട്ടിയാണിതെന്നും ബിനോയ് വിശ്വം അതോർക്കണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയിലാണ് പ്രതിനിധികൾ ബിനോയ് വിശ്വത്തെ കടന്നാക്രമിച്ചത്.

സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പ് പണം അനുവദിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. ഫണ്ട് ചോദിച്ചു വാങ്ങണം. മന്ത്രിമാർക്ക് മാത്രമായി അതിന് സാധിക്കില്ല. നേതൃത്വം ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിനെതിരെയും പ്രതിനിധികൾ രം​ഗത്തെത്തി. അയ്യപ്പ സംഗമവും ലോക കേരള സഭയും ഇടതു നയവ്യതിയാനത്തിൻ്റെ ഭാഗമാണെന്നായിരുന്നു വിമർശനം. ആരാണ് ഈ പൗരപ്രമുഖരെന്ന ചോദ്യവും പ്രതിനിധികൾ ഉയർത്തി. പൗരപ്രമുഖരെ കാണുന്ന രീതി ഇടതു നയമല്ലെന്നും സമ്പന്ന വിഭാഗമാണ് പൗരപ്രമുഖർ എന്നും വിമർശനം ഉയർന്നു. പുതിയ കാലത്തെ ജന്മികളാണ് പൗരപ്രമുഖരെന്നും ഇടതുപക്ഷം പ്രതിധാനം ചെയ്യേണ്ടത് സാധാരണക്കാരെയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.

Content Highlights: CPI state conference strongly criticizes police

To advertise here,contact us