പി പി തങ്കച്ചനെ അനുസ്മരിച്ച് മുഖ്യമന്ത്രി; നഷ്ടമായത് ആത്മസുഹൃത്തിനെയെന്ന് എ കെ ആന്റണി

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് വൈകിട്ട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി പി തങ്കച്ചന്റെ വിയോഗം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രാദേശിക തലത്തില്‍ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചന്‍. വിവാദങ്ങളില്‍പ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നീ നിലകളില്‍ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് സാധിച്ചു. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച തങ്കച്ചന്‍ എല്ലാവരോടും സൗഹൃദം പുലര്‍ത്തിയ വ്യക്തിയായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

എല്ലാവര്‍ക്കും മാതൃകയായിരുന്ന നേതാവായിരുന്നു പി പി തങ്കച്ചന്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അനുസ്മരിച്ചു. വിദ്യാര്‍ത്ഥി ജീവിതം ആരംഭിക്കുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു ഇരുവരും. തങ്കച്ചനെക്കുറിച്ച് ധാരാളം ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നുപോവുകയാണെന്നും 60 വര്‍ഷമായി മാസത്തിലൊരിക്കലെങ്കിലും സംസാരിക്കാറുണ്ടാറുണ്ടായിരുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് വൈകിട്ട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി പി തങ്കച്ചന്റെ വിയോഗം. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് നെടുമ്പാശ്ശേരി യാക്കോബായ പള്ളിയിലാണ് സംസ്‌കാരം നടക്കുക. നാളെ രാവിലെ 11 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.

മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വര്‍ഷമാണ് യുഡിഎഫിനെ പി പി തങ്കച്ചന്‍ എന്ന കണ്‍വീനര്‍ കെട്ടുറപ്പോടെ നയിച്ചത്. 2005-ല്‍ എ കെ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കണ്‍വീനര്‍ പദവി തങ്കച്ചന്‍ ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ വ്യാഴവട്ടകാലത്തില്‍ കേന്ദ്ര കഥാപാത്രമായി പി പി തങ്കച്ചനുമുണ്ടായിരുന്നു. സ്പീക്കറായും മന്ത്രിയായും എംഎല്‍എയുമായുള്ള ഭീര്‍ഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാര്‍ദത്തോടെയും യുഡിഎഫിനെ നയിക്കാന്‍ തങ്കച്ചന് കരുത്തായത്.

Content Highlights: Chief Minister and A K Antony remembers P P Thankachan

To advertise here,contact us