കെ ഇ ഇസ്മയിലിനെതിരായ നടപടി വൈകിപ്പോയി; സിപിഐയില്‍ വിമര്‍ശനം

'സിപിഐ കൊല്ലം, മലപ്പുറം, തിരുവനന്തപുരം സമ്മേളനങ്ങളില്‍ ഇസ്മയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു'

ആലപ്പുഴ: കെ ഇ ഇസ്മയിലിനെതിരായ നടപടി വൈകിപ്പോയെന്ന് സിപിഐയില്‍ വിമര്‍ശനം. സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനം. എറണാകുളം ജില്ലാ കൗണ്‍സില്‍ ആണ് വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍കാലം അധികാരം കയ്യാളിയ നേതാവാണ് ഇസ്മയില്‍. അധികാരം നഷ്ടപ്പെട്ടതുമുതല്‍ ഏത് സെക്രട്ടറി വന്നാലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ഇസ്മയിലിന്റെ രീതിയെന്നും വിമര്‍ശനം ഉയര്‍ന്നു.

സിപിഐ കൊല്ലം, മലപ്പുറം, തിരുവനന്തപുരം സമ്മേളനങ്ങളില്‍ ഇസ്മയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. സസ്‌പെന്‍ഷന്‍ നേരിടുന്ന ആള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയാത്ത നേതാവാണോ ഇസ്മയില്‍. പാര്‍ട്ടി വിദ്യാഭ്യാസം പുതിയ തലമുറയ്ക്ക് മാത്രമല്ല പഴയ തലമുറയിലെ ചിലര്‍ക്കും ഇല്ല എന്നാണ് ഇത് തെളിയിക്കുന്നത് എന്നും രൂക്ഷവിമര്‍ശനം ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇസ്മയിലിനെ പിന്തുണയ്ക്കുന്ന ചിലരെങ്കിലും ഈ പാര്‍ട്ടിയില്‍ ഉണ്ട്. അവര്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യം ഉയര്‍ന്നു.

അതേസമയം ക്ഷണം ഇല്ലെങ്കിലും കെ ഇ ഇസ്മയില്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. സദസിലിരുന്ന് സമാപന സമ്മേളനത്തിന്റെ ഭാഗമാവാനാണ് ഇസ്മയിലിന്റെ തീരുമാനം. അണികളില്‍ ഒരാളായി പ്രകടനത്തില്‍ പങ്കെടുക്കാനും ആലോചനയുണ്ട്. തന്നെ ഇഷ്ടപ്പെടുന്ന സഖാക്കളെ കാണാനാണ് എത്തുന്നതെന്ന് ഇസ്മയില്‍ പറഞ്ഞു. നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം. സമാപന സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ഉദ്ഘാടനം ചെയ്യുന്നത്.

സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ് ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്തത്. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില്‍ പി രാജു സംഘടനാ നടപടിക്ക് വിധേയനായിരുന്നു. ഈ നടപടിയില്‍ രാജുവിന് വിഷമമുണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. സംഭവത്തില്‍ ഇസ്മയിലില്‍ നിന്ന് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. പിന്നാലെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സംസ്ഥാന കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിച്ചതോടെ നടപടി പ്രാബല്യത്തില്‍ വരികയും ചെയ്തു.

Content Highlights: Action against KE Ismail delayed criticism in CPI

To advertise here,contact us