ഇടുക്കിയിൽ വീട്ടിൽ യുവതി പ്രസവിച്ച സംഭവം; കുഞ്ഞ് മരിച്ചത് പ്രസവത്തിന് മുമ്പെന്ന് റിപ്പോർട്ട്

വിജിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് ആരോഗ്യവകുപ്പ്

ഇടുക്കി: വീട്ടില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് ഒഴിവാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. കുഞ്ഞ് പ്രസവത്തിന് മുമ്പ് മരിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. യുവതി വീട്ടില്‍ പ്രസവിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കും.

വിജിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഭര്‍ത്താവ് ജോണ്‍സണെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മണിയാറാംകുടി പെരുങ്കാല സ്വദേശി ജോണ്‍സണ്‍ ഭാര്യക്കും കുട്ടികള്‍ക്കും ചികിത്സയും പഠനവും നല്‍കുന്നില്ലെന്നും ഭര്‍ത്താവിനെതിരെ നടപടി വേണമെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ചയാണ് വിജി വീട്ടില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ ഇടുക്കി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പോകാന്‍ പലതവണ പറഞ്ഞിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ അജേഷ്‌കുമാര്‍ റിപ്പോര്‍ട്ടറിനോട് അന്ന് പ്രതികരിച്ചിരുന്നു.

എന്നാല്‍ കര്‍ത്താവ് രക്ഷിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നാണ് അജേഷ്‌കുമാര്‍ പ്രതികരിച്ചത്. ജോണ്‍സണ്‍ പാസ്റ്ററാണ്. ഇയാളൊരു അന്ധവിശ്വാസിയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഇവര്‍ക്ക് മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇവരെ ഇയാള്‍ സ്‌കൂളില്‍ വിടാറില്ലെന്നും വിവരമുണ്ട്.

Content Highlights: Woman gives birth at home in Idukki baby dies before delivery

To advertise here,contact us