മലപ്പുറം: മന്ത്രിമാര്ക്കും എംപിമാര്ക്കും എംഎല്എമാര്ക്കുമെല്ലാം വൈഫ് ഇന് ചാര്ജുണ്ടെന്ന സമസ്ത ഇകെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീന് നദ്വിയുടെ പരാമര്ശത്തെ തളളി ഉമര് ഫൈസി മുക്കം. ജനപ്രതിനിധികള്ക്ക് വൈഫ് ഇന് ചാര്ജുമാര് ഉണ്ട് എന്ന നിലപാട് സമസ്തയ്ക്കില്ലെന്ന് ഉമര് ഫൈസി മുക്കം പറഞ്ഞു. മറ്റുളളവരെക്കുറിച്ചുളള ആരോപണം വസ്തുതാപരമായിരിക്കണമെന്നും സമസ്ത മുശാവറ അംഗം എന്നത് ഉത്തരവാദിത്തപ്പെട്ട പദവിയാണെന്നും ഉമര് ഫൈസി മുക്കം പറഞ്ഞു. ബഹുഭാര്യത്വം അനിവാര്യ ഘട്ടങ്ങളില് ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്നും അതിന് തന്നെ കര്ശന നിബന്ധനകളുണ്ടെന്നും ഉമര് ഫൈസി വ്യക്തമാക്കി.
'നദ്വി എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞതെന്ന് അറിയില്ല. മുസ്ലിം ലീഗിന്റെയും കമ്മ്യൂണിസ്റ്റിന്റെയും കോണ്ഗ്രസിന്റെയും ആളുകളെ വരെ സംശയത്തിലാക്കുകയാണ്. ഇഎംഎസിന്റെ അമ്മയെക്കുറിച്ച് പറഞ്ഞ ചരിത്രം എനിക്കറിയില്ല. ഇസ്ലാമിനെ ആക്ഷേപിക്കാന് പലരും ഉപയോഗിക്കുന്ന സംഗതിയാണ് ബഹുഭാര്യാത്വം. ശൈശവ വിവാഹവും അങ്ങനെ തന്നെയാണ്. പഠിപ്പ് കൂടിയതോടെ വിവാഹപ്രായവും കൂടി. ബഹാഉദ്ദീന് നദ്വിയെ മുശാവറയില് നിന്ന് പുറത്താക്കണം എന്ന അഭിപ്രായമില്ല': എന്നാണ് ഉമര് ഫൈസി മുക്കം പറഞ്ഞത്.
അതേസമയം, നദ്വിയെ പിന്തുണച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. വിമര്ശകരായ പലര്ക്കും വൈഫ് ഇന് ചാര്ജ് ഉണ്ടെന്നാണ് നാസര് ഫൈസി പറഞ്ഞത്. നദ്വിയുടെ പരാമര്ശം ചിലര് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത് സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും നിലപാടാണെന്നും നാസര് ഫൈസി കൂടത്തായി പറഞ്ഞു.
'നദ്വി പറഞ്ഞത് ചരിത്രപരമായ സത്യമാണ്. ആരെയും അവഹേളിച്ചിട്ടില്ല. ശൈശവ വിവാഹം ആധുനിക കാലഘട്ടത്തിലും നടന്നിട്ടുണ്ട്. ഇത് വ്യക്തമാക്കാനാണ് ഇഎംഎസിന്റെ മാതാവിന്റെ കാര്യം പറഞ്ഞത്. ഒരു പ്രഭാഷകന് ചരിത്രത്തെ ഉദ്ധരിക്കുമ്പോള് സ്വീകരിക്കുന്ന രീതിയാണ് ബഹാഉദ്ദീന് നദ്വിയും സ്വീകരിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് ആചാര്യനെയും അദ്ദേഹം വിമര്ശിച്ചിട്ടില്ല. വിമര്ശിക്കുന്നവരുടെ കാപട്യം പുറത്തുകൊണ്ടുവരികയാണ് ചെയ്തത്': നാസര് ഫൈസി കൂടത്തായി പറഞ്ഞു. പ്രവാചകനെ വിമര്ശിക്കുന്നവര് ചരിത്രത്തിന്റെ പിന്ബലമില്ലാതെയാണ് വിമര്ശിക്കുന്നതെന്നും നാസര് ഫൈസി കൂടത്തായി കൂട്ടിച്ചേര്ത്തു.
കോഴിക്കോട് മടവൂരില് നടന്ന സുന്നി മഹല്ല് ഫെഡറേഷന് സമ്മേളനത്തില് സംസാരിക്കവെയായിരുന്നു നദ്വി വിവാദ പരാമര്ശം നടത്തിയത്. 'കഴിഞ്ഞ നൂറ്റാണ്ടില് സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്ത് പ്രവര്ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ അമ്മയെ കെട്ടിച്ചത് 11-ാം വയസിലാണ്. പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകണ്ട. ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞാല്, നമ്മുടെ നാട്ടിലെ പല മന്ത്രിമാര്ക്കും എംപിമാര്ക്കും എംഎല്എമാര്ക്കും ഒക്കെ ഒരു ഭാര്യയെ ഉണ്ടാകൂ. പക്ഷെ ഇന് ചാര്ജ് ഭാര്യമാര് വേറെയുണ്ടാകും. വൈഫ് ഇന് ചാര്ജ് എന്ന പേര് പറയില്ലെന്ന് മാത്രം. അങ്ങനെ ഇല്ലാത്തവര് കൈ ഉയര്ത്താന് പറഞ്ഞാല് എത്രയാളുകള് ഉണ്ടാകും?'-എന്നാണ് നദ്വി പറഞ്ഞത്.
Content Highlights: Umer Faizy Mukkam against Bahahuddin Nadwi in charge wives remark