ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു: മലപ്പുറത്ത് ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടി ശീതളപാനീയ കച്ചവടക്കാരന്‍

നടപടിയെടുക്കുമെന്ന് അറിയിച്ച് ടിടിഇ പിന്തുടര്‍ന്നപ്പോള്‍ അഷ്‌റഫ് ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു എന്നാണ് വിവരം

മലപ്പുറം: മലപ്പുറത്ത് ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനു പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ശീതളപാനീയ കച്ചവടക്കാരന്‍. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌കറിന് സാരമായി പരിക്കേറ്റു. നടപടിയെടുക്കുമെന്ന് അറിയിച്ച് ടിടിഇ പിന്തുടര്‍ന്നപ്പോള്‍ അഷ്‌റഫ് ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു എന്നാണ് വിവരം.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പതിനൊന്ന് മണിയോടെ ട്രെയിനില്‍ ശീതളപാനീയങ്ങളുള്‍പ്പെടെ വില്‍ക്കാനായി അഷ്‌കര്‍ കടന്നുപോകുന്നതിനിടെയാണ് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിന് കൃത്യമായ മറുപടി നല്‍കാനോ രേഖകള്‍ നല്‍കാനോ അഷ്‌കര്‍ തയ്യാറായില്ല. വീണ്ടും ചോദിച്ചതോടെ ട്രെയിനിന് ഉളളിലൂടെ ഓടി പുറത്തേക്ക് എടുത്തുചാടുകയായിരുന്നു.

ട്രെയിന്‍ അതിവേഗത്തില്‍ താനൂര്‍ സ്റ്റേഷനിലൂടെ കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താനൂര്‍ ചിറയ്ക്കല്‍ ഓവുപാലത്തിന് സമീപത്തുനിന്നുമാണ് ഗുരുതര പരിക്കുകളോടെ അഷ്‌കറിനെ കണ്ടെത്തിയത്. ഉടന്‍ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: TTE demanded ticket: Soft drink vendor jumps off moving train, seriously injured

To advertise here,contact us