കണ്ണൂര്: മാടായിപ്പാറയില് ജിഐഒ (ഗേള്സ് ഇസ്ലാമിക് ഓര്ഗനൈസേഷന്) നടത്തിയ പലസ്തീന് അനുകൂല പ്രതിഷേധത്തിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തലയ്ക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് എഫ്ഐആര് എഴുതിയതെന്നായിരുന്നു സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. പലസ്തീന് അനുകൂല പ്രകടനം നടത്തിയതിന്റെ പേരില് എന്ന് എഴുതേണ്ട കാര്യമില്ലെന്നും കേരളത്തില് നിരവധി പലസ്തീന് അനുകൂല പ്രകടനങ്ങള് നടന്നിട്ടുണ്ടെന്നും രാഗേഷ് പറഞ്ഞു.
'മാടായിപ്പാറയെ പ്രതിഷേധ കേന്ദ്രമാക്കിയതിന് പിന്നില് ജമാ അത്ത ഇസ്ലാമിയുടെ ദുരുദ്ദേശമാണ്. സംഭവങ്ങള്ക്ക് പിന്നില് ആര്എസ്എസ്-ജമാ അത്ത ഇസ്ലാമി ഡീല്. വര്ഗീയ വിഭജനത്തിന് ആര്എസ്എസിനെ ജമാ അത്ത ഇസ്ലാമി സഹായിക്കുകയാണ്.' കെ കെ രാഗേഷ് കൂട്ടിച്ചേര്ത്തു.
അതേസമയം, കണ്ണൂരില് മതതീവ്രവാദം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം ജമാത്ത അത്ത ഇസ്ലാമി നടത്തുന്നു എന്നതിന്റെ തെളിവാണ് മാടായിപ്പാറയില് തിരുവോണ ദിവസം കണ്ടത് എന്നായിരുന്നു ബിജെപി നോര്ത്ത് ജില്ലാ അധ്യക്ഷന് കെ കെ വിനോദ്കുമാറിന്റെ ആരോപണം. മാടായിപ്പാറയെ തകര്ക്കാനുള്ള ജിഹാദികളുടെ ശ്രമമാണ് ഇപ്പോള് നടക്കുന്നതെന്നും ജാതിഭേദമന്യേ ആളുകള് ആരാധിക്കുന്ന സ്ഥലമാണ് മാടായിപ്പാറയെന്നും വിനോദ്കുമാര് പറഞ്ഞിരുന്നു.
മാടായിപ്പാറയില് തിരുവോണ ദിവസം ജിഐഒ, പലസ്തീന് അനുകൂല പ്രകടനം നടത്തിയതിനെതിരെ കേസെടുത്തിരുന്നു.ജിഐഒ മത സ്പര്ധ ഉണ്ടാക്കാന് ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നടത്തിയ പ്രകടനത്തിനെതിരെയും പഴയങ്ങാടി പൊലീസ് കേസ് റജിസ്റ്റര് ചെയ്തിരുന്നു.
Content Highlight; K K Ragesh Responds to Madayi Para Protest