'തൊഴിലാളികളെയും അടിസ്ഥാന വിഭാ​ഗങ്ങളെയും എൽഡിഎഫ് സർക്കാർ വേണ്ട രീതിയിൽ പരി​ഗണിക്കുന്നില്ല'; വിമർശിച്ച് സിപിഐ

സർക്കാരിന്‍റെ മുൻഗണനാക്രമങ്ങളിൽ പാളിച്ചയുണ്ടെന്നും റിപ്പോർട്ടിൽ വിമർശനം

ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർ‌ത്തന റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് വിമർശനം. തൊഴിലാളികളെയും അടിസ്ഥാന ജനവിഭാ​ഗങ്ങളെയും ഇടതുമുന്നണി സർക്കാർ വേണ്ട രീതിയിൽ പരി​ഗണിക്കുന്നില്ലെന്നാണ് വിമർശനം. എൽഡിഎഫിൻ്റെ ജനകീയ അടിത്തറ പാവപ്പെട്ട തൊഴിലാളികളാണെന്നും തൊഴിലാളി വിഭാ​ഗത്തെ വേണ്ട രീതിയിൽ പരി​ഗണിക്കുന്നില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നുണ്ട്. അടിസ്ഥാന ജനവിഭാഗത്തിൻ്റെ വിഷയങ്ങൾക്ക് സർക്കാരിൽ നിന്ന് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. വിഷയം ​ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ ആവശ്യമുണ്ട്.

അടിസ്ഥാന ജനവിഭാഗത്തിൻ്റെ താല്പര്യത്തിന് കൂടുതൽ ഊന്നൽ നൽകി വേണം വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. കർഷകരെ കടക്കെണിയിൽ നിന്ന് സംരക്ഷിച്ചിരുന്ന കടാശ്വാസ കമ്മീഷൻ സ്തംഭനത്തിലാണെന്നും വിമർശനമുണ്ട്. കർഷകർക്ക് പ്രഖ്യാപിച്ച ആനുകൂല്യം കിട്ടിയില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. സർക്കാരിൻറെ മുൻഗണനാക്രമങ്ങളിൽ പാളിച്ചയുണ്ടെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

റവന്യൂ വകുപ്പിനെ വലിയ നിലയിൽ റിപ്പോർട്ടിൽ പ്രശംസിക്കുന്നുണ്ട്. റവന്യൂ വകുപ്പിൽ നടന്ന് വരുന്നത് ശ്രദ്ധേയമായ പ്രകടനമാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. രണ്ടേകാൽ ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തത് ചരിത്രനേട്ടമാണെന്നും ഒരു ലക്ഷം പട്ടയങ്ങൾ കൂടി സർക്കാരിൻറെ കാലയളവിൽ വിതരണം ചെയ്യുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊലീസ് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്ന നിർദ്ദേശമുണ്ടെങ്കിലും ആഭ്യന്തര വകുപ്പിൻ്റെ പ്രകടനത്തെയും റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെയും സിപിഐ റിപ്പോർട്ടിൽ പ്രശംസിക്കുന്നുണ്ട്.

മദ്യനയത്തിൽ നിലവിലെ നിലപാട് തെറ്റാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. സർക്കാർ പ്രോത്സാഹിപിപ്പിക്കുന്നത് വിദേശ മദ്യമാണെന്നും കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്തണമെന്നും സിപിഐ റിപ്പോർട്ടിൽ പരാമർശമുണ്ട്. സഹകരണ മേഖലയിൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണം. സഹകരണ രംഗത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സിപിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഹിന്ദുത്വ ആശയം കേരളത്തിലും ശക്തിപ്പെടുന്നുവെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട്. തൃശ്ശൂരിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ബിജെപി വിജയവും ചില അസംബ്ലി നിയോജക മണ്ഡലങ്ങളിൽ അവർക്ക് ലഭിച്ച മുൻകൈയും കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ രം​ഗത്ത് വന്ന നിഷേധാത്മക മാറ്റമാണെന്നും സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിൽ വളർന്ന് വരുന്ന രാഷ്ട്രീയ സാഹചര്യം ​ഗൗരവമായി വിലയിരുത്തേണ്ടതായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവർത്തന റിപ്പോർട്ടിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർ​ഗീയതയെക്കുറിച്ച് പരാമർശം. ദേശീയാടിസ്ഥാനത്തിൽ മതനിരപേക്ഷ ബോധത്തെ ഇല്ലാതാക്കി ഹിന്ദുത്വ അടിസ്ഥാനത്തിലുള്ള ബോധം ജനങ്ങളിൽ ശക്തിപ്പെടുത്താനാണ് സംഘപരിവാർ സംഘടനകൾ പരിശ്രമം നടത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇസ്ലാമിക തീവ്ര വർ​ഗീയ ശക്തികളും കാസയും വർ​ഗീയ ചേരി ഉണ്ടാക്കാനായി ശ്രമം നടത്തുന്നുവെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മു​ദ്രാവാക്യം രാജ്യത്ത് ഉയർത്തുന്ന ശക്തികൾ ഉണ്ട്. ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ വർ​ഗീയ ശക്തികളുടെ ലക്ഷ്യവും മതപരമായ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർ​ഗീയതയ്ക്കെതിരായ ശക്തമായ പോരാട്ടമായ നാം നടത്തേണ്ടത്. കഴിഞ്ഞ കുറേ വർഷമായി കേരളത്തിലെ ജനങ്ങളുടെ ബോധത്തിൽ വർ​ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്ന് വരുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആഭിചാര ക്രിയകളും നിരോധിച്ചുകൊണ്ടുള്ള ഒരു നിമയനിർമ്മാണത്തിന് ഇനിയും അമാന്തിച്ച് കൂടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് ആലപ്പുഴയിൽ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. 43 വർഷത്തിനുശേഷമാണ് ആലപ്പുഴ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്നത്.

Content Highlights: CPI state conference report criticizes LDF government

To advertise here,contact us