ബഹാഉദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശം; പിന്തുണ റാലിയുമായി മുസ്ലീം ലീഗ്

കോഴിക്കോട് മടവൂരിലാണ് ലീഗിന്റെ നേതൃത്വത്തില്‍ പ്രകടനം നടക്കുക

കോഴിക്കോട്: മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഭാര്യയ്ക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന പരാമര്‍ശത്തില്‍ സമസ്ത ഇകെ വിഭാഗം നേതാവ് ഡോ. ബഹാഉദ്ദീന്‍ നദ്‌വിക്ക് പിന്തുണയുമായി മുസ്ലീം ലീഗ്. കോഴിക്കോട് മടവൂരിൽ മുസ്ലിംലീഗിന്റെ നേതൃത്വത്തിലാണ് ഇന്ന് വൈകീട്ട് പ്രകടനം നടന്നു. ബഹുഭാര്യത്വം സംബന്ധിച്ച നദ് വിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നദ്‌വിക്കെതിരെ സിപിഐഎം മടവൂരിൽ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിൽ നദ് വി യെ അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യവും പ്രസംഗവുമായിരുന്നു ഉണ്ടായിരുന്നത്. ഇതിനെതിരെയാണ് മുസ്ലീം ലീഗ് മടവൂരിൽ പ്രകടനം നടത്തിയത്

നദ്‌വിയുടെ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്‌വിയെന്നായിരുന്നു സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖില്‍ അഹമ്മദ് വിമര്‍ശിച്ചത്. ഇഎംഎസിനെയും ജനപ്രതിനിധികളെയും അവഹേളിച്ചു എന്നാരോപിച്ചാണ് നദ്‌വിക്കെതിരെ പ്രതിഷേധം നടന്നത്. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നദ്‌വി വിവാദ പരാമര്‍ശം നടത്തിയത്.

മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്വി പറഞ്ഞത്. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്‌വി പറഞ്ഞിരുന്നു.

'കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. അദ്ദേഹത്തിന്റെ അമ്മയെ കെട്ടിച്ചത് 11-ാം വയസിലാണ്. പതിനഞ്ചാം നൂറ്റാണ്ടിലേക്കൊന്നും പോകണ്ട. ഇത് ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യയെ ഉണ്ടാകൂ. പക്ഷെ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന പേര് പറയില്ലെന്ന് മാത്രം. അങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകള്‍ ഉണ്ടാകും?'-എന്നായിരുന്നു നദ്‌വിയുടെ വിവാദ പരാമര്‍ശം.

Content Highlight; Bahauddeen Muhammed Nadwi controversial remarks; Muslim League holds rally in support

To advertise here,contact us