പുല്പ്പള്ളി: വയനാട് പുല്പ്പള്ളിയില് വീട്ടില്നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില് അറസ്റ്റിലായ വീട്ടുടമ തങ്കച്ചന് ജയില് മോചിതനായി. പതിനേഴ് ദിവസം ജയിലില് കഴിഞ്ഞ ശേഷമാണ് തങ്കച്ചന് ജയിൽ മോചിതനാകുന്നത്. സംഭവത്തില് യഥാര്ത്ഥ പ്രതി പ്രസാദിനെ പൊലീസ് കസ്റ്റഡിയില് എടുത്തു.
സംഭവത്തില് സര്ക്കാര്തല അന്വേഷണം പ്രഖ്യാപിച്ചതായി മന്ത്രി ഒ ആര് കേളു പറഞ്ഞു. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില് കര്ശന അന്വേഷണവും നടപടിയും ഉണ്ടാകും. വയനാട്ടില് വര്ഷങ്ങളായി കോണ്ഗ്രസില് കടുത്ത വിഭാഗീയതയുണ്ട്. സ്വന്തം പാര്ട്ടിക്കാരെ ചതിയിലൂടെ കുടുക്കുന്നത് അന്തസ്സ് ഇല്ലാത്ത രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം താന് നിരപരാധിയാണെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്ന് തങ്കച്ചന് പറഞ്ഞു. നിരപരാധിത്വം ബോധ്യപ്പെടുത്താന് ശ്രമിച്ചപ്പോള് പൊലീസ് തട്ടിക്കയറുകയാണ് ചെയ്തത്. മദ്യം കണ്ടെത്തിയ കവറിന് പുറത്തെ ഫിംഗര്പ്രിന്റ് പരിശോധിക്കാന് താന് ആവശ്യപ്പെട്ടിരുന്നു. എന്നാല് പൊലീസ് അതിന് തയ്യാറായില്ല. പ്രഥമദൃഷ്ടിയില് തന്നെ മദ്യവും സ്ഫോടക വസ്തുക്കളും ആരോ കൊണ്ടുവെച്ചതാണെന്ന് മനസിലാകും. സംഭവത്തിന് പിന്നില് കോണ്ഗ്രസിലെ ഗ്രൂപ്പ് പോരാണെന്നും തങ്കച്ചന് കൂട്ടിച്ചേര്ത്തു. കോണ്ഗ്രസിലെ വിഭാഗീയതയാണ് ഭര്ത്താവിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് തങ്കച്ചന്റെ ഭാര്യ സിനി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ഭര്ത്താവിനെ അകത്താക്കുമെന്നും അപായപ്പെടുത്തുമെന്നും ചിലര് ഭീഷണിപ്പെടുത്തിയിരുന്നു. എംഎല്എ ഗ്രൂപ്പും എന് ഡി അപ്പച്ചന് ഗ്രൂപ്പും തമ്മിലുണ്ടായ തര്ക്കത്തിന് പിന്നാലെയുണ്ടായ വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നില്. ഒരു ദിവസമെങ്കിലും അകത്താക്കുമെന്ന് തങ്കച്ചനെ ചിലര് വെല്ലുവിളിച്ചിരുന്നുവെന്നും സിനി ആരോപിച്ചിരുന്നു.
കഴിഞ്ഞ 22നാണ് രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. തങ്കച്ചന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീടിന്റെ പോര്ച്ചില് നിര്ത്തിയിട്ടിരുന്ന കാറിന് പിന്ഭാഗത്തുനിന്ന് സ്ഫോടക വസ്തുക്കളും മദ്യവുമടക്കം കണ്ടെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തങ്കച്ചനെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു.
Content Highlights- Pulppally liquor capture case: Thankachan relased from jail