ഗുരുവിന്റെ ആദർശങ്ങൾ പിൻപറ്റുന്ന പാർട്ടിയാണ് ബിജെപി; വിശദീകരണവുമായി പി കെ കൃഷ്ണദാസ്

ടി പി സെൻകുമാറിന്റെയും ബാഹുലേയന്റെയും വിമർശനങ്ങൾക്ക് പിന്നാലെയാണ് പി കെ കൃഷ്ണദാസിന്റെ കുറിപ്പ്

കൊച്ചി: ശ്രീനാരായണഗുരു വിവാദത്തിൽ വിശദീകരണവുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. നാരായണ ഗുരുവിന്റെ ആദർശങ്ങൾ പിൻപറ്റുന്ന പാർട്ടിയാണ് ബിജെപിയെന്നും ബിജെപി ഓഫീസുകൾ കേന്ദ്രീകരിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഹിന്ദു ആചാര്യനും അദ്വൈതിയുമാണ് നാരായണ ഗുരുവെന്നും കൃഷ്ണദാസ് കുറിപ്പിൽ പറയുന്നു. ടി പി സെൻകുമാറിന്റെയും ബാഹുലേയന്റെയും വിമർശനങ്ങൾക്ക് പിന്നാലെയാണ് പി കെ കൃഷ്ണദാസിന്റെ കുറിപ്പ്.

പി കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

ശ്രീനാരായണ ഗുരു വിശ്വമാനവികതയുടെ വക്താവും പ്രയോക്താവുമാണ്. കർമ മണ്ഡലം മലയാളമായിരുന്നെങ്കിലും അദ്വൈത ദർശനത്തിന്റെ കരുത്തിൽ ഉദാത്തമായമാനവിക മൂല്യങ്ങളെ പ്രചരിപ്പിക്കാനുംമനുഷ്യരെ ജാതിഭേദങ്ങൾക്കതീതമായിഒരുമിപ്പിക്കാനും നാരായണ ഗുരുവിന് സാധിച്ചു. ഭാരതീയ ഋഷിപരമ്പരയുടെആധുനിക കാലത്തെ പ്രതിനിധിയെന്ന നിലയിൽ ഭാരതീയ ജനതാ പാർട്ടി ഗുരുദർശനങ്ങളെ എക്കാലത്തും ആദരിക്കുകയും ബഹുമാനിക്കുകയുംപിൻപറ്റുകയും ചെയ്തിട്ടുണ്ട്.മഹാത്മാ ഗാന്ധി - നാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ഉദ്ഘാടനം ചെയ്തത് ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു.നാരായണ ജയന്തി സംസ്ഥാന വ്യാപകമായി ബി.ജെ.പി ഓഫീസു ഓഫീസുകളിൽ പുഷ്പാർച്ചനയും ആഘോഷങ്ങളും പതിവാണ്. ഹിന്ദുആചാര്യനും നവോത്ഥാന നായകനുമായ ഗുരുവര്യന്റെ പാദാരവിന്ദങ്ങളിൽസാഷ്ടാംഗം പ്രണമിക്കുന്നു.

ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ ബിജെപിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. നാഷണൽ കൗൺസിൽ അംഗം കെ എ ബാഹുലേയൻ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി പ്രഖ്യാപനം. എസ്എൻഡിപി യൂണിയന്റെ അസിസ്റ്റന്റ് സെക്രട്ടറികൂടിയാണ് ബാഹുലേയൻ. ചതയ ദിനാഘോഷം നടത്താൻ ബിജെപി ഒബിസി മോർച്ചയെ ഏൽപ്പിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് ഞാൻ ബിജെപി വിടുന്നു' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇങ്ങനെയല്ലല്ലോ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടി പി സെൻകുമാറും സമാന വിഷയത്തിൽ നേതൃത്വത്തിന് എതിരെ രംഗത്ത് വന്നിരുന്നു.

ഒബിസി മോർച്ചയെ പരിപാടി നടത്താൻ എന്തിന് ഏൽപ്പിച്ചുവെന്ന ചോദ്യമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സെൻകുമാർ ഉന്നയിച്ചത്. ബിജെപിയല്ലേ പരിപാടി നടത്തേണ്ടതെന്നും ഒബിസി മോർച്ചക്കാരുടെ മാത്രമല്ലല്ലോ ഗുരുവെന്നും സെൻകുമാർ ചോദിച്ചിരുന്നു. നാം ഒരു വർഗത്തിൻ്റെ മാത്രം ആളല്ലെന്നും നാം ജാതി ഭേദം വിട്ട് സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു എന്ന് ഗുരുദേവൻ അരുളി ചെയ്തതാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് അത് നിങ്ങൾക്കിപ്പോഴും അറിയില്ലേ എന്നും സെൻകുമാർ ചോദിച്ചിരുന്നു.

Conent Highlights: PK Krishnadas responds to Sree Narayana Guru controversy

To advertise here,contact us