കോഴിക്കോട്: പൊലീസ് മർദ്ദിച്ചെന്ന ആരോപണവുമായി കോഴിക്കോട്ടെ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് രംഗത്ത്. എസിപിയും സിഐയും മർദ്ദിച്ചെന്നാണ് മാമുക്കോയയുടെ ആരോപണം. അന്നത്തെ മെഡിക്കൽ കോളേജ് എസിപിയായിരുന്ന സുദർശൻ, സിഐ ബെന്നി എന്നിവർക്കെതിരെയാണ് മാമുക്കോയയുടെ ആരോപണ മുന്നയിച്ചത്. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ലെന്നും മാമുക്കോയ റിപ്പോർട്ടറിനോട് പറഞ്ഞു. ഇതിനിടെ മർദ്ദന ദൃശ്യങ്ങളും പുറത്തുവന്നു.
2023ലായിരുന്നു സംഭവം. നാട്ടിലെ അടിപിടി കേസുമായി ബന്ധപ്പെട്ടാണ് തന്നെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ തനിക്ക് ഇതിൽ പങ്കില്ലായിരുന്നു. സമൻസ് പോലും ഉണ്ടായിരുന്നില്ല. ഇക്കാര്യം ചോദിച്ചതോടെ ഞങ്ങളെ നീ പഠിപ്പിക്കേണ്ട എന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. തലയ്ക്കും പുറത്തും അടിച്ചു. പൊതുമധ്യത്തിൽ വെച്ചാണ് മർദിച്ചതെന്നും മാമുക്കോയ പറഞ്ഞു. മെഡിക്കൽ കോളേജിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ലെന്നും മാമുക്കോയ വ്യക്തമാക്കി.
തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ പൊലീസ് മർദ്ദിച്ച സംഭവവും പീച്ചി സ്റ്റേഷനിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച വിഷയവും പുറത്തുവന്നിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് കോഴിക്കോട് നിന്ന് മറ്റൊരു പൊലീസ് മർദ്ദന ആരോപണം പുറത്തുവരുന്നത്.
Content Highlights: Local Muslim League leader in Kozhikode alleges police beating