പുൽപ്പള്ളിയിൽ മദ്യവും സ്‌ഫോടകവസ്തുവും പിടിച്ചെടുത്ത കേസ്; പ്രതിയാക്കിയ തങ്കച്ചൻ നിരപരാധി,പൊലീസിനെതിരെ കുടുംബം

പുൽപ്പള്ളി കോൺഗ്രസിലെ വിഭാഗീയതയാണ് കേസിൽ കുടുക്കാൻ കാരണമെന്നാണ് ആരോപണം

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി പെരിക്കല്ലൂരിൽ വീട്ടിൽനിന്ന് മദ്യവും സ്‌ഫോടകവസ്തുവും പിടിച്ചെടുത്ത കേസിൽ വഴിത്തിരിവ്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത വീട്ടുടമ തങ്കച്ചൻ നിരപരാധി. കർണാടകയിൽ നിന്ന് മദ്യം വാങ്ങിയ പ്രസാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കിൽ ഭർത്താവ് ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് തങ്കച്ചന്റെ ഭാര്യ സിനി റിപ്പോർട്ടറിനോട് പറഞ്ഞു.

ഭർത്താവ് നിരപരാധി ആണെന്ന് പൊലീസിന് അറിയാമായിരുന്നു. അകത്താക്കുമെന്നും അപായപ്പെടുത്തുമെന്നും ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തതെന്നും സിനി ആരോപിച്ചു.

പുൽപ്പള്ളി കോൺഗ്രസിലെ വിഭാഗീയതയാണ് കേസിൽ കുടുക്കാൻ കാരണം. എംഎൽഎ ഗ്രൂപ്പും എൻ ഡി അപ്പച്ചൻ ഗ്രൂപ്പും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയുണ്ടായ വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നിൽ. ഒരു ദിവസമെങ്കിലും അകത്താക്കുമെന്ന് തങ്കച്ചനെ ചിലർ വെല്ലുവിളിച്ചിരുന്നുവെന്നും സിനി പറഞ്ഞു.

ഉറങ്ങിക്കിടന്ന തങ്കച്ചനെ വിളിച്ചുണർത്തിയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. എസ്പി ക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെയാണ് നീതി ലഭിച്ചതെന്നും സിനി വ്യക്തമാക്കി. കഴിഞ്ഞ 22നാണ് രാത്രി പതിനൊന്ന് മണിയോടെ തങ്കച്ചന്റെ വീട്ടിൽ പൊലീസ് എത്തിയത്. പിന്നാലെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് പുറകിൽ നിന്നായി സ്‌ഫോടക വസ്തുക്കളും മദ്യവുമടക്കം കണ്ടെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തങ്കച്ചൻ നിലവിൽ വൈത്തിരി സബ് ജയിലിലാണ്.

Content Highlights: case of liquor and explosives seized from a house in Pulpally, police report says Thankachan is innocent

To advertise here,contact us