കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില് സംവിധായകന് സനല്കുമാര് ശശിധരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എളമക്കര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുംബൈയില് എത്തിയാണ് സനല്കുമാര് ശശിധരനെ കസ്റ്റഡിയില് എടുത്തത്. സനല്കുമാറിനെ എളമക്കര പൊലീസ് സ്റ്റേഷനില് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും തുടര്നടപടികളിലേക്ക് കടക്കുക.
ഇക്കഴിഞ്ഞ ജനുവരിയിലാണ് സനല്കുമാര് ശശിധരനെതിരെ നടി എളമക്കര പൊലീസില് പരാതി നല്കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനല്കുമാറിന്റെ സമൂഹമാധ്യമ പോസ്റ്റുകള് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു നടിയുടെ പരാതി. ഇതിന് പിന്നാലെ സനല്കുമാര് ശശിധരനെതിരെ എളമക്കര പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. ഈ സമയം സനല്കുമാര് അമേരിക്കയിലായിരുന്നു. തുടര്ന്ന് സനല്കുമാര് ഇന്ത്യയില് എത്തുമ്പോള് കസ്റ്റഡിയില് എടുക്കുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അമേരിക്കയില് നിന്ന് ഇന്ന് മുംബൈയില് എത്തിയ സനല്കുമാറിനെ ഉദ്യോഗസ്ഥര് തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സനല്കുമാര് ഫേസ്ബുക്കില് പോസ്റ്റിടുകയും ചെയ്തിരുന്നു. തന്നെ പിടിച്ചുകൊണ്ടുപോകാന് ഫ്ളൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാന് അധികം നിയമപരിജ്ഞാനമൊന്നും ആവശ്യമില്ലെന്നായിരുന്നു സനല്കുമാര് ഫേസ്ബുക്കില് കുറിച്ചത്. ആരാണ് ആ ഫ്ളൈറ്റ് ടിക്കറ്റിന് പണം മുടക്കുന്നതെന്നും കേരളത്തിന്റെ ഖജനാവില് നിന്നാണോ എന്നും സനല്കുമാര് ചോദിച്ചിരുന്നു. തന്റെ ഫോണ് ഉദ്യോഗസ്ഥര് പിടിച്ചുവാങ്ങിയെന്നുള്ള ആരോപണവും സനല്കുമാര് ഉന്നയിച്ചിരുന്നു.
2022ല് ഇതേ നടിയുടെ പരാതിയില് സനല്കുമാര് ശശിധരനെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാറശ്ശാലയിലെ തന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില് പോയി മടങ്ങും വഴിയായിരുന്നു സനല്കുമാറിനെ മഫ്തി വേഷത്തിലെത്തിയ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സനല്കുമാര് ബഹളംവെയ്ക്കുകയും തന്നെ കൊല്ലാന് ശ്രമിക്കുന്നതായും ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ സനല്കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Content Highlights- Director sanal kumar sasidharan captured by elamakkara police over actress complaint