കൊല്ലം: ഷാര്ജയില് കൊല്ലപ്പെട്ട മലയാളി യുവതി വിപഞ്ചികയുടെ മരണത്തില് ഭര്ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിതീഷിനെ ഉടന് നാട്ടിലെത്തിലെത്തിച്ച് മൊഴിയെടുക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്. സംഭവത്തില് അന്വേഷണ സംഘം ഫ്ളാറ്റിലെ ഹോം മെയ്ഡിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വിപഞ്ചികയുടെ ലാപ്ടോപ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. കൂടാതെ ഷാര്ജയിലെ കേസ് വിവരങ്ങള് കൈമാറുന്നതിനായി കോണ്സുലേറ്റിനെ സമീപിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. മരണത്തിന് മുന്പ് വിപഞ്ചിക സാമൂഹ്യ മാധ്യമത്തില് പോസ്റ്റ് ചെയ്ത ആത്മഹത്യാ കുറിപ്പ് അപ്രത്യക്ഷമായതിലും പ്രത്യേക അന്വേഷണം നടത്തുമെന്നും സൂചനകളുണ്ട്.
ജൂലൈ എട്ടിനായിരുന്നു ഷാര്ജയിലെ ഫ്ളാറ്റില് വിപഞ്ചികയേയും രണ്ടര വയസുകാരി മകള് വൈഭവിയേയും തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. സംഭവത്തിൽ ആദ്യത്തെ പോസ്റ്റ്മോര്ട്ടം നടത്തിയെങ്കിലും അസ്വാഭാവികതകൾ കണ്ടെത്തിയില്ലെങ്കിലും, റീപോസ്റ്റ്മോര്ട്ടത്തിൽ വിപഞ്ചികയുടെ ശരീരത്തില് മര്ദ്ദനമേറ്റ പാടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനിടെ വിപഞ്ചികയുടെ ഫേസ്ബുക്കിലെ വിവരങ്ങള് എടുക്കണമെന്ന ആവശ്യവുമായി സഹോദരന് വിനോദ് രംഗത്തെത്തിയിരുന്നു. മരണശേഷം വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റുകള് ഡിലീറ്റായെന്നാണ് സഹോദരന്റെ ആരോപണം. ഡിജിറ്റല് തെളിവുകള് നശിപ്പിക്കാന് ഭര്ത്താവും കുടുംബം ശ്രമിക്കുകയാണ്. തന്റെ സഹോദരിയുടെ അവസ്ഥ മറ്റൊരാള്ക്കും ഉണ്ടാകരുത്. കേസുമായി ഏതറ്റം വരെയും പോകുമെന്നും സഹോദരന് വ്യക്തമാക്കി.
ഭര്ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള് ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു. സ്ത്രീധനത്തിന്റെ പേരില് നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ചും ഭര്ത്താവ് നിതീഷിന്റെ വൈകൃതങ്ങളെക്കുറിച്ചും വിപഞ്ചിക കുറിച്ചിരുന്നു. ഭര്ത്താവിന്റെ പിതാവില് നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു. മോശം പെരുമാറ്റത്തെക്കുറിച്ച് ഭര്ത്താവിനോട് പറഞ്ഞപ്പോള് ഭര്തൃപിതാവിനെ പിന്തുണയ്ക്കുന്ന സമീപനമാണ് നിതീഷ് സ്വീകരിച്ചതെന്നും വിപഞ്ചിക പറഞ്ഞിരുന്നു. നിതീഷിനും പിതാവിനും പുറമേ ഭര്തൃസഹോദരിക്കെതിരെയും വിപഞ്ചിക ആരോപണമുന്നയിച്ചിരുന്നു. താന് മരിച്ചാല് ഈ മൂന്ന് പേര്ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും വിപഞ്ചിക ആവശ്യപ്പെട്ടിരുന്നു. വിപഞ്ചികയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില് അന്വേഷണം നടക്കുന്നത്.
Content Highlight; Vipanchika's death; Lookout notice issued against husband Nitish