മർദനത്തിന് നേതൃത്വം നൽകിയ നരാധമന്മാരെ സസ്‌പെൻഡ് ചെയ്ത് സംരക്ഷിക്കാനുള്ള സർക്കാർനീക്കം അംഗീകരിക്കില്ല: സതീശൻ

സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച മുന്‍ പൊലീസ് ഡ്രൈവറെ സര്‍ക്കാര്‍ ഇപ്പോഴും ചേര്‍ത്ത് പിടിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നും വി ഡി സതീശന്‍ ചോദിച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കൊടുത്ത് സംരക്ഷിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ നടപടി രണ്ട് വര്‍ഷം മുമ്പേ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

'നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ല. ഇപ്പോഴത്തെ തീരുമാനം ചെറിയൊരു നടപടി മാത്രമായെ കാണാനാകൂ. മാത്രമല്ല ഈ നടപടി രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ടതായിരുന്നു', വി ഡി സതീശന്‍ പറഞ്ഞു.

ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന ശേഷവും സര്‍ക്കാര്‍ പൊലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച മുന്‍ പൊലീസ് ഡ്രൈവറെ സര്‍ക്കാര്‍ ഇപ്പോഴും ചേര്‍ത്ത് പിടിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. 'കൊടും ക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കണ്ണില്ലാത്ത ക്രൂരത കാട്ടിയ ക്രിമിനലുകളെ പുറത്താക്കും വരെ യുഡിഎഫ് സമരം തുടരും', വി ഡി സതീശന്‍ പറഞ്ഞു.

സുജിത്തിനെ മര്‍ദ്ദിച്ച നാല് പൊലീസുകാരെ ഇന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. സിപിഒമാരായ എസ് സന്ദീപ്, ശശിധരന്‍, കെ ജെ സജീവന്‍, എസ് ഐ നുഹ്‌മാന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഡിഐജി ഹരിശങ്കറിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഉത്തരമേഖല ഐജിയുടേതായിരുന്നു നടപടി.

Content Highlights: VD Satheesan about suspension of police officers on Youth Congress leader attack

To advertise here,contact us