ഗുരുദേവൻ 1916ൽ തന്നെ പറഞ്ഞ കാര്യങ്ങൾ മറന്നാണ് ബിജെപി പ്രവർത്തിക്കുന്നത്: വിമർശനവുമായി ടി പി സെൻകുമാർ

ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൻ്റെ സംഘാടനത്തിൻ്റെ പേരിലാണ് ബന്ധപ്പെട്ടാണ് സെൻകുമാറിൻ്റെ വിമർശനം

തിരുവനന്തപുരം: ബിജെപി നേതൃത്വത്തെ വിമർശിച്ച് ടി പി സെൻകുമാർ. ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൻ്റെ സംഘാടനത്തിൻ്റെ പേരിലാണ് ബന്ധപ്പെട്ടാണ് സംഘപരിവാർ സഹയാത്രികനായ സെൻകുമാറിൻ്റെ വിമർശനം. പരിപാടിയുടെ സംഘാടനം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിനെ സെൻകുമാർ ചോദ്യം ചെയ്തിട്ടുണ്ട്. ഒബിസി മോർച്ചയെ പരിപാടി നടത്താൻ എന്തിന് ഏൽപ്പിച്ചുവെന്ന് ചോദ്യമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സെൻകുമാർ ഉന്നയിച്ചിരിക്കുന്നത്. ബിജെപിയല്ലേ പരിപാടി നടത്തേണ്ടതെന്ന ചോദ്യവും സെൻകുമാർ ഉയർത്തിയിട്ടുണ്ട്. ഒബിസി മോർച്ചക്കാരുടെ മാത്രമല്ലല്ലോ ഗുരുവെന്ന് ചോദ്യവും സെൻകുമാർ ഉന്നയിച്ചിട്ടുണ്ട്.

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കാൻ ഒബിസി മോർച്ചയെ ഏൽപ്പിക്കുന്ന ബിജെപി ഗുരുദേവൻ 1916ൽ തന്നെ പറഞ്ഞ കാര്യങ്ങൾ മറന്നാണ് പ്രവർത്തിക്കുന്നതെന്ന രൂക്ഷ വിമർശനമാണ് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നാം ഒരു വർഗത്തിന്റെ മാത്രം ആളല്ലന്നും നാം ജാതി ഭേദം വിട്ടിട്ടു സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു എന്ന് ഗുരുദേവൻ അരുളി ചെയ്തതാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് അത്‌ നിങ്ങൾക്കിപ്പോഴും അറിയില്ലേ എന്നാണ് സെൻകുമാർ ചോദിച്ചിരിക്കുന്നത്.

ഒബിസി മോർച്ചയുടെ എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ആറിന് വൈകുന്നേരം നടക്കാനിരിക്കുന്ന പരിപാടിയെയാണ് സെൻകുമാർ വിമർശിച്ചിരിക്കുന്നത്. ആലുവ ഫെഡറൽ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ശ്രീനാരായണ​ഗുരു ജയന്തി ആഘോഷവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനാണ് പരിപാടിയുടെ ഉദ്ഘാടകൻ. പരിപാടിയിൽ പ്രമുഖ സാംസ്കാരിക-സാമുദായിക നേതാക്കൾ പങ്കെടുക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കിയിരിക്കുന്നത്.

ടി പി സെൻകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കാൻ ഒബിസി മോർച്ചയെ ഏൽപ്പിക്കുന്ന ബിജെപി , ഗുരുദേവൻ 1916ൽ തന്നെ പറഞ്ഞ കാര്യങ്ങൾ മറന്നാണ് പ്രവർത്തിക്കുന്നത്.നാം ഒരു വർഗത്തിന്റെ മാത്രം ആളല്ലന്നും നാം ജാതി ഭേദം വിട്ടിട്ടു സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നും ഗുരുദേവൻ അരുളിച്ചെയ്തതാണ്.അത്‌ നിങ്ങൾക്കിപ്പോഴും അറിയില്ലേ?

Content Highlights:T P Senkumar criticizes BJP for organizing Sree Narayana Guru Jayanti celebrations

To advertise here,contact us