തൃശൂർ: കേരളത്തിലെ പിണറായി സർക്കാരിന്റെ പൊലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാരിന് കീഴിൽ ഒരു പൊലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ലെന്നും ആർക്കുവേണ്ടിയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസുകാർ ക്രൂരമായി മർദിച്ച സംഭവത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
സ്റ്റേഷനിലെത്തിച്ച് ഒരുകാരണവുമില്ലാതെ പാവങ്ങളെ മർദ്ദിച്ച് അവർക്കെതിരെ കേസെടുക്കുന്നത് പിണറായിയുടെ പൊലീസ് നയത്തിന്റെ ഭാഗമാണ്. സുജിത്ത് പിണറായി സർക്കാരിന്റെ പോലീസ് നയത്തിന്റെ ഇരയാണ്. ഇത്തരം സംഭവങ്ങൾ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ധാരാളമായി നടക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള പൊലീസിനെ ഈ നിലയിലാക്കിയതിന്റെ ഉത്തരവാദിത്തം പിണറായിക്കാണ്. നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രമായില്ല അവരെ സർവീസിൽ നിന്ന് പുറത്താക്കണം. സുജിത്തിന്റെ നിയമപോരാട്ടത്തിന് പാർട്ടിയുടെ പൂർണപിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ പോലീസ് സ്റ്റേഷനുകളെ കോൺസൻട്രേഷൻ ക്യാമ്പുകൾ ആക്കി മാറ്റുകയാണോഎന്നും രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത് ഡിജിപി അല്ല. മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകാനുള്ള പ്രേരണയാണ് നൽകുന്നത്. പൊലീസിലുള്ള ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
2023 ഏപ്രില് അഞ്ചിനാണ് യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂര് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്വെച്ച് പൊലീസുകാര് ക്രൂര മര്ദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാന് വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. വഴിയരികില് നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാന് എന്ന് ചോദിച്ച പൊലീസ്, തന്റെ ഷര്ട്ടിന്റെ കോളറിന് പിടിച്ച് ജീപ്പില് കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്ദിച്ചെന്നും സുജിത്ത് പറഞ്ഞിരുന്നു.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാന്, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്ന്ന് സിപിഒമാരായ ശശീന്ദ്രന്, സന്ദീപ്, സജീവന് എന്നിവര് ചേര്ന്ന് മര്ദ്ദിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആര് ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല് വൈദ്യ പരിശോധനയില് സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
തുടര്ന്ന് കോടതിയുടെ നിര്ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില് പൊലീസ് ആക്രമണത്തില് സുജിത്തിന്റെ ചെവിക്ക് കേള്വി തകരാര് സംഭവിച്ചുവെന്ന് വ്യക്തമായി. പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി. എന്നാല് പൊലീസ് ഈ പരാതിയില് കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്ന്ന് തെളിവുകള് പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാര്ക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.
Content Highlights: Ramesh Chennithala against kerala police and pinarayi vijayan about kunnamkulam sujith case