കോഴിക്കോട്: കുന്നംകുളം പൊലീസ് സ്റ്റേഷനില് യൂത്ത് കോണ്ഗ്രസ് നേതാവ് മര്ദ്ദിക്കപ്പെട്ട സംഭവത്തില് രൂക്ഷ വിമര്ശനവുമായി ചാണ്ടി ഉമ്മന് എംഎല്എ. സംഭവത്തില് നടപടി എടുക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന് പറഞ്ഞു. ആദ്യം പൊലീസുകാരെ പുറത്താക്കണമെന്നും ചാണ്ടി ഉമ്മന് ആവശ്യപ്പെട്ടു. മറ്റ് യൂത്ത് കോണ്ഗ്രസ്, കോണ്ഗ്രസ് നേതാക്കള്ക്കെതിരെ നടന്ന അക്രമത്തില് നടപടി സ്വീകരിക്കുന്നില്ലെന്നും ചാണ്ടി ഉമ്മന് വിമര്ശിച്ചു.
'വടകരയില് ഷാഫി പറമ്പില് എംപിയെ ആക്രമിക്കാന് ശ്രമിച്ചു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി ദുല്ഖിഫിലിനെതിരെ അതിക്രമം ഉണ്ടായി. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള് ഉണ്ട്. ദൃശ്യങ്ങള് ഉടന് പുറത്ത് വിടും. മുഖ്യമന്ത്രി ഒരു നടപടിയും എടുക്കുന്നില്ല. കുറ്റക്കാര്ക്ക് എതിരെ അച്ചടക്ക നടപടി എന്ന നിലയില് ട്രാന്സ്ഫര് നല്കുന്നു. ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്ഗ്രസ് സംസ്ഥാന നേതാവുമാണ് ദുല്ഖിഫില്. സംഭവത്തില്അടിയന്തര നടപടി വേണം', ചാണ്ടി ഉമ്മന് പറഞ്ഞു.
തങ്ങള് ആരെയും സ്കെച്ച് ഇടില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും ചാണ്ടി ഉമ്മന് വ്യക്തമാക്കി. യൂത്ത് കോണ്ഗ്രസ് അധ്യക്ഷ പദവിയെക്കുറിച്ചുള്ള പ്രതികരണവും ചാണ്ടി ഉമ്മന് പറഞ്ഞു. സമയമാകുമ്പോള് പാര്ട്ടി തീരുമാനം എടുക്കുമെന്നും കാര്യങ്ങള് കൈകാര്യം ചെയ്യാന് ശേഷി ഉള്ളവര് സംഘടനയില് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്ട്ടി കാര്യങ്ങള് നിങ്ങളോട് പറയാന് ഇല്ലെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.
കെപിസിസിയുടെ ഔദ്യോഗിക എക്സ് പേജില് വന്ന ബിഹാര് ബീഡി പോസ്റ്റില് ജാഗ്രതക്കുറവ് ഉണ്ടായെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞെന്നും അതിനപ്പുറം ഒന്നും പറയാന് ഇല്ലെന്നും ചാണ്ടി ഉമ്മന് പ്രതികരിച്ചു. ബീഡി പോസ്റ്റ് വിവാദമായ സാഹചര്യത്തില് ഡിജിറ്റല് മീഡിയ തലവന് വി ടി ബല്റാമിനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് നേതൃത്വം. കെപിസിസി സോഷ്യല് മീഡിയ ചുമതലയില് നിന്നും വി ടി ബല്റാമിനെ ഒഴിവാക്കും. കെപിസിസി അധ്യക്ഷന് വി ടി ബല്റാമിനോട് വിശദീകരണം തേടുകയും ചുമതല ഒഴിയാന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
Content Highlights: Chandy oomman about KPCC Bihar Beedi controversy