കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനം; നാല് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

ഡി ഐ ജി ഹരിശങ്കറാണ് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തിൽ നാല് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. കുറ്റക്കാരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശ. ഇവര്‍ക്കെതിരെ കോടതി നടപടി തുടരുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ. നിലവിലെ ശിക്ഷാനടപടി പുനഃപരിശോധിക്കാനും ശുപാര്‍ശ. ഡി ഐ ജി ഹരിശങ്കറാണ് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

നേരത്തെ സുജിത്തിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സുജിത്ത് സ്റ്റേഷനില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്നും ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. എസ്ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു വി ഡി സതീശൻ്റെ ആവശ്യം.

2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാന്‍ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് ജീപ്പില്‍ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും സുജിത്ത് പറഞ്ഞു.

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി. പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പൊലീസ് ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തു.

Content Highlights: Beating at Kunnamkulam police station Recommendation for action against policemen

To advertise here,contact us