കോഴിക്കോട്: പ്രതികാരം തീർക്കാൻ കോണ്ഗ്രസ് നേതാവിനെതിരെ കള്ളക്കേസെടുത്തെന്ന കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് പ്രമോഷന്. ക്രിമിനല് കേസിൽ വിചാരണ തുടരവെ ഉദ്യോഗസ്ഥന് പ്രമോഷന് നല്കുന്നത് ചട്ടവിരുദ്ധമെന്നിരിക്കെയാണ് പ്രമോഷന് നടപടി. കോണ്ഗ്രസ് നേതാവിന്റെ നിയമപോരാട്ടത്തിനൊടുവില് സിവില് കോടതി പൊലീസുകാരന് അഞ്ച് ലക്ഷം രൂപ പിഴയിടുകയും ചെയ്തിരുന്നു. ക്രിമിനല് കേസുള്ളവര്ക്ക് പ്രെമോഷന് നല്കരുതെന്ന സര്ക്കുലര് റിപ്പോര്ട്ടറിന് ലഭിച്ചു.
ഫോണില് സംസാരിച്ച് വാഹനമോടിച്ചതിന് രജിസ്റ്റര് ചെയ്ത കേസ് അന്വേഷണത്തിൽ കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു. കോഴിക്കോട് ഡിസിസി ജനറല് സെക്രട്ടറി ഷാജിര് അറാഫത്തിനെതിരെയായിരുന്നു കേസെടുത്തത്. യൂത്ത് കോണ്ഗ്രസ് നേതാവായിരിക്കെ സ്റ്റേഷനിലെത്തിയ ഷാജിർ പൊലീസുകാരോട് തർക്കിച്ചുവെന്നതിന്റെ പ്രതികാരത്തിലായിരുന്നു കേസ്. എന്നാൽ പിന്നീട് ഇത് കള്ളക്കേസാണെന്ന് തെളിയിക്കുകയായിരുന്നു.
പൊലീസിലെ ക്രിമിനലുകളെ പ്രമോഷന് നല്കി പ്രോല്സാഹിപ്പിക്കുകയാണെന്ന് പ്രതികാര നടപടിക്ക് വിധേയനായ ഡിസിസി ജനറല് സെക്രട്ടറി ഷാജര് അറാഫത്ത് റിപ്പോര്ട്ടറിനോട് പറഞ്ഞു.
പൊലീസിലെ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നത് സര്ക്കാരാണ്. എല്ലാ ഉദ്യോഗസ്ഥരെയും അടച്ചാക്ഷേപിക്കുകയല്ല. നേതാക്കള് ഇടപെട്ട് ആനുകൂല്യങ്ങള് തിരിച്ചുകിട്ടുന്നതുകൊണ്ടാണ് പൊലീസുകാര് വീണ്ടും പൊതുപ്രവര്ത്തകരുടെ നെഞ്ചത്തേക്ക് കയറുന്നതെന്നും ഷാജിർ അറാഫത്ത് കൂട്ടിച്ചേർത്തു.
Content Highlights: Police officer accused in criminal case gets promotion