'കോൺഗ്രസുകാരനെ മർദ്ദിച്ച നാല് ഉദ്യോഗസ്ഥരും കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ല'; വി ഡി‌ സതീശൻ

സമരത്തിന്റെ ഫ്രെയിം കോൺഗ്രസ് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു

തൃശൂര്‍: കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി‌ സതീശൻ. കോൺഗ്രസുകാരനെ മർദ്ദിച്ച നാല് ഉദ്യോഗസ്ഥരും കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ലയെന്ന് വി ഡി‌ സതീശൻ പറഞ്ഞു.

ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നും സർക്കാരിന്റെ നടപടി കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന്റെ ഫ്രെയിം കോൺഗ്രസ് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺ​ഗ്രസ് നേതാവ് വി എസ് സുജിത്തിനെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു.

അതേസമയം തൃശൂരിലെ ഡിഐജി ഓഫിസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് 'കൊലച്ചോറ് സമരം'നടത്തി. കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ പ്രതീകാത്മക സമരം. മര്‍ദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ച് പൊലീസ് വേഷം ധരിച്ച് വ്യത്യസ്തരായാണ് സമരക്കാര്‍ പ്രതിഷേധത്തിനെത്തിയത്. ഡിഐജി ഓഫിസിന് മുമ്പിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തിയിരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ ആളുകളെ തല്ലിക്കൊല്ലുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസുകാർ ക്രൂര മർദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും‌ കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാൻ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷർട്ടിന്റെ കോളറിന് പിടിച്ച് ജീപ്പിൽ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നും സുജിത്ത് പറഞ്ഞു.

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Content Highlight : 'The four officers who beat up the Congressman will not leave their homes without wearing khaki'; VD Satheesan

To advertise here,contact us