യൂത്ത് കോൺഗ്രസ് നേതാവ് നേരിട്ടത് അതിക്രൂര മർദ്ദനം; പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്: പി കെ കുഞ്ഞാലിക്കുട്ടി

ഭീകരമായ മര്‍ദ്ദനമാണ് നടന്നതെന്നും ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് തന്നെ വലിയ രോഷം തോന്നുമെന്നും പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിച്ചതില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പൊലീസ് നടത്തിയത് അതിക്രൂര മര്‍ദ്ദനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു. ഭീകരമായ മര്‍ദ്ദനമാണ് നടന്നതെന്നും ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് തന്നെ വലിയ രോഷം തോന്നുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ഇത് ദൃശ്യങ്ങള്‍ പുറത്തുവന്നത് കൊണ്ട് എല്ലാവരും കണ്ടു. കര്‍ട്ടന് പുറകില്‍ എന്തൊക്കെ നടക്കുന്നുണ്ടാവും. പൊലീസ് അതിക്രമങ്ങളില്‍ ശാശ്വത പരിഹാരം വേണം. പൊലീസ് ഉദ്യോഗസ്ഥരെ തലോടലാണ് സസ്‌പെന്‍ഷന്‍ നടപടികള്‍. പൊലീസിലെ ഒരു വിഭാഗം മാത്രം ജനസൗഹൃദമായാല്‍ പോരാ. മുഴുവന്‍ പൊലീസിന്റെ നയവും മാറണം', പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫിന്റെ മാനിഫെസ്റ്റോയില്‍ ഇത് കൃത്യമായി ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് പരിഹാസ്യമായി മാറിയെന്നും ഒരുപാട് ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ അത് നിത്യസംഭവമായി മാറിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം എന്ന പരാമര്‍ശത്തിന് പേരില്‍ സര്‍ക്കാര്‍ പരിഹാസ്യമായെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. തലയ്ക്കടിച്ച് അവശയാക്കിയിടുന്നതിനുള്ള പ്രയോഗമായി രക്ഷാപ്രവര്‍ത്തനം മാറി. കാര്‍ട്ടൂണുകളിലും നോവലുകളിലും പരിഹാസത്തിന് ഉപയോഗിക്കുന്ന പ്രയോഗമായി മാറിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം നിയമസഭയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

2023ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

Content Highlights: P K Kunhalikkutty against Police on Youth Congress leader beat issue

To advertise here,contact us