നവീൻ ബാബുവിന്റെ മരണം; യാത്രയയപ്പിന് പിന്നാലെ മന്ത്രിയെ വിളിച്ചിരുന്നുവെന്ന കളക്ടറുടെ മൊഴി ശരിവെച്ച് മന്ത്രി

10 മാസത്തിനുശേഷമാണ് മന്ത്രി കെ രാജനും കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും ഒരുമിച്ച് വേദി പങ്കിട്ടത്

കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ കളക്ടര്‍ നല്‍കിയ മൊഴി ശരിവെച്ച് റവന്യൂ മന്ത്രി കെ രാജന്‍. പി പി ദിവ്യ എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ കലക്ടര്‍ വിളിച്ചിരുന്നുവെന്ന് മന്ത്രി സമ്മതിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടറുമായി യാതൊരു പിണക്കവും തനിക്കില്ലെന്നും മന്ത്രി പറഞ്ഞു. 10 മാസത്തിനുശേഷമാണ് മന്ത്രി കെ രാജനും കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും ഒരുമിച്ച് വേദി പങ്കിട്ടത്.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് തൊട്ടുപിന്നാലെ നവീന്‍ ബാബു ചേംബറിയിലേക്ക് എത്തിയെന്നും തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് പറഞ്ഞതായും ജില്ലാ കലക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അന്നേദിവസം തന്നെ മന്ത്രി കെ രാജനെ വിളിച്ച് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞതായും കലക്ടറുടെ മൊഴിയില്‍ ഉണ്ട്. എന്നാല്‍ മന്ത്രി അക്കാര്യം ഇതുവരെയും സമ്മതിച്ചിരുന്നില്ല. എന്നാല്‍ മന്ത്രി അക്കാര്യം ആദ്യമായി ശരിവെക്കുകയായിരുന്നു.

ജില്ലാ കലക്ടര്‍ നല്‍കിയ മൊഴിയിലെ ചില പരാമര്‍ശങ്ങള്‍ മന്ത്രിക്ക് നീരസം ഉണ്ടാക്കിയിരുന്നു. റവന്യൂ വകുപ്പിലെ രണ്ട് പ്രധാന തലവന്മാര്‍ തമ്മില്‍ പത്തുമാസുമായി തുടരുന്ന ശീത സമരം ഓഗസ്റ്റ് 19 ആം തീയതി റിപ്പോര്‍ട്ടര്‍ വാര്‍ത്തയാക്കിയിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് മന്ത്രി ജില്ലയില്‍ നേരിട്ട് പരിപാടിയില്‍ പങ്കെടുത്തത്. ഇരുവരും തമ്മില്‍ കൈ കൊടുത്തെങ്കിലും കലക്ടറും മന്ത്രിയും തമ്മില്‍ ഉണ്ടാകുന്ന പതിവ് സൗഹൃദം കൂത്തുപറമ്പിലെ പട്ടയമേളയില്‍ കണ്ടില്ല.

Content Highlights: K Rajan confirms the statement by District Collector in Naveen Babu's death

To advertise here,contact us