ഇടതുപക്ഷം സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും പോലെ മുന്നോട്ടുപോകുന്ന അവസ്ഥ: ബിന്ദു അമ്മിണി

ശബരിമലയുടെ ആചാരം, അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞത്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ നിലപാട് തിരുത്തുന്ന വിഷയത്തില്‍ പ്രതികരിച്ച് ബിന്ദു അമ്മിണി. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭരിക്കുന്ന സംസ്ഥാനമാണ് കേരളം എന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്. എന്നാല്‍ പുരോഗമന ആശയങ്ങളെല്ലാം കയ്യൊഴിഞ്ഞുകൊണ്ട് ഇടതുപക്ഷം സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും പോലെ മുന്നോട്ടുപോകുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നതെന്ന് ബിന്ദു അമ്മിണി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭരിക്കുന്ന സംസ്ഥാനമാണ് കേരളം എന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്. സുപ്രീംകോടതിയുടെ വിധിന്യായം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തുല്ല്യതയില്‍ ഊന്നി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്നായിരുന്നു ധാരണ. ആ ധാരണപ്പുറത്താണ് ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണച്ചിരുന്നത്. എന്നാല്‍ പുരോഗമന ആശയങ്ങളെല്ലാം കയ്യൊഴിഞ്ഞുകൊണ്ട് സംഘപരിവാറിനെയും കോണ്‍ഗ്രസിനേയും പോലെ ഇടതുപക്ഷം മുന്നോട്ടുപോകുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. വേദനാജനകമാണ്. ഇടതുപക്ഷത്തിന് മേലുള്ള ആളുകളുടെ പ്രതീക്ഷയ്ക്ക് മേലുള്ള അടിയാണ്. മറ്റു പാര്‍ട്ടികളില്‍ നിന്നും യാതൊരു വ്യത്യാസവും ഇല്ലാത്ത തരത്തിലേക്ക് ഈ പാര്‍ട്ടിയും പോയിരിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്', ബിന്ദു അമ്മിണി പറഞ്ഞു.

ശബരിമലയുടെ ആചാരം, അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞത്. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും പ്രശാന്ത് പറഞ്ഞിരുന്നു. ബിന്ദു അമ്മിണിയെ ഒരു കാരണവശാലും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നു. ഇത് അങ്ങനെയുള്ള ആളുകളുടെ സംഗമമല്ല. യഥാര്‍ത്ഥ അയ്യപ്പ ഭക്തന്‍മാരും വിവിധ സംഘടനകളുടെ പ്രതിനിധികളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിന്ദു അമ്മിണി കത്തയച്ചിരുന്നു. പമ്പാനദിക്കരയില്‍ നടത്താനിരിക്കുന്ന സംഗമത്തില്‍ പോലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള സ്ത്രീകളെ പ്രതിനിധികളായി പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നത് ദുഖകരമാണെന്നും സ്ത്രീ എന്ന നിലയില്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും ബിന്ദു അമ്മിണി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Bindhu Ammini Against LDF Govt Over Sabarimala Women Entry Issue

To advertise here,contact us