കൊച്ചി: തനിക്കെതിരെ സംഘപരിവാര് ഭീഷണിയുണ്ടെന്ന് ദളിത് ചിന്തകനും എഴുത്തുകാരനും സാംസ്കാരിക പ്രവര്ത്തകനുമായ ഡോ. ടി എസ് ശ്യാംകുമാര്. സംഘികള് അന്വേഷിച്ച് വീട്ടുപടിക്കല് വരെ എത്തിയെന്നും മുഖം വ്യക്തമാകാതിരിക്കാന് ഹെല്മെറ്റ് ധരിച്ചെത്തിയയാള് അധിക്ഷേപ വാക്കുകള് ചൊരിഞ്ഞ് ഓടി മറഞ്ഞെന്നും ശ്യാംകുമാര് ആരോപിച്ചു. ഇത് സംബന്ധിച്ച് പൊലീസിനെ വിവരം അറിയിച്ചെന്നും ശ്യാംകുമാര് ഫേസ്ബുക്കില് പങ്കുവെച്ചു.
സംഘികള് അന്വേഷിച്ച് വീട്ടുപടിക്കല് വരെ എത്തിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്ക്ക് മുമ്പ് കോണ്ടാക്ട് നമ്പര് അന്വേഷിച്ചാണ് വന്നതെങ്കില്, ഇന്ന് കാലത്ത് വീണ്ടും അതേ ആള് എത്തുകയും മുഖം വ്യക്തമാകാതെയിരിക്കാന് ഹെല്മറ്റ് വച്ച് മറച്ച് അധിക്ഷേപ വാക്കുകള് ചൊരിഞ്ഞ് ഓടി മറയുകയും ചെയ്തു. പോലീസിനെ വിവരങ്ങള് അറിയിച്ചിട്ടുണ്ട്.
(ടി എസ് ശ്യാംകുമാര്)സംഘപരിവാറിനെ നിശിതമായി വിമര്ശിക്കുന്ന ശ്യാംകുമാര് ആഗോള അയ്യപ്പ സംഗമം നടത്തുന്ന പശ്ചാത്തലത്തില് അവര്ണ്ണ ദൈവമായ അയ്യപ്പനെ ആ ജനതയ്ക്ക് തിരിച്ചുനല്കുമോ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. കേരളത്തിലെ അവര്ണ്ണ ജനവിഭാഗങ്ങളുടെ ദൈവമായിരുന്ന അയ്യപ്പനെ ബ്രാഹ്മണരില് നിന്നും മോചിപ്പിച്ച് തിരികെ അവര്ണ്ണ ജനവിഭാഗങ്ങള്ക്ക് നല്കണമെന്ന മുദ്രാവാക്യം ഉയര്ത്താന് കഴിയുമോ എന്നായിരുന്നു ചോദ്യം.
'അയ്യപ്പനെ പൂജിക്കാന് അവകാശമുണ്ടായിരുന്ന മലയരയരെ പുറത്താക്കി ആദ്യത്തെ ആചാര ലംഘനം നടത്തിയത് ബ്രാഹ്മണ്യ പൗരോഹിത്യമാണ്. നൂറ്റാണ്ടുകളായി ശബരിമല വിശ്വാസത്തിന്റെ ഭാഗമായ വാവരെ, വാപുരനാക്കി ആചാരലംഘനം നടത്താന് ശ്രമിക്കുന്നതും ഹിന്ദുത്വര് തന്നെ. സര്വോപരി നാട്ടുകാര് കാണ്കെ ഇരുമുടിക്കെട്ട് താഴെയിട്ട് 'വിശ്വാസ 'ത്തെ അവഹേളിക്കാന് ശ്രമിച്ചതും ഹിന്ദുത്വരാണ്. ആചാര ലംഘകര് ആചാര സംരക്ഷകരാവുന്നത് വലിയ തമാശ തന്നെ', എന്നായിരുന്നു അഭിപ്രായപ്പെട്ടത്. അയ്യപ്പ സന്നിധിയില് ആചാരം തകര്ക്കാന് ശ്രമിച്ചവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നും ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി സന്നിധാനത്തെ അയ്യപ്പ സംഗമമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു. ഇതിലായിരുന്നു ടി എസ് ശ്യാംകുമാര് നിലപാട് വ്യക്തമാക്കിയത്.
Content Highlights: There is a threat from the Sangh Parivar alleges T S Syam Kumar