കൊച്ചി: ലഹരിമുക്ത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേ മോഹൻലാലിന്റെ സിനിമ ഡയലോഗ് പറഞ്ഞ് സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് സൂര്യകാന്ത് ആണ് മോഹൻലാലിന്റെ ' എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന ഡയലോഗ് പറഞ്ഞത്. മലയാളത്തിൽതന്നെ ഡയലോഗ് പറഞ്ഞാണ് അദ്ദേഹം കയ്യടി നേടിയത്.
തിരുവനന്തപുരം ടാഗോർ ഹോളിൽ കഴിഞ്ഞ ദിവസമായിരുന്നു പരിപാടി നടന്നത്. എക്സൈസ് വകുപ്പും ലീഗൽ സർവീസ് അതോറിറ്റിയും കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ചീഫ് സെക്രട്ടറി എ ജയതിലക്, മന്ത്രി എം ബി രാജേഷ്, സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് വിക്രംനാഥ്, സൂര്യകാന്ത്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ഡോ എസ ശിവകുമാർ എന്നിവർ പങ്കെടുത്തു. ലഹരികേസുകൾ കൈകാര്യം ചെയ്യാൻ രാജ്യത്ത് അതിവേഗ കോടതികൾ ആവശ്യമാണെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ലഹരിമുക്ത യത്നത്തെയും അദ്ദേഹം പ്രകീർത്തിച്ചു. കൗൺസിലിംഗ് വഴി എത്രപേരെ വീണ്ടെടുക്കാനായി എന്നത് പ്രധാനമാണ് എന്നും ലഹരി മനുഷ്യർക്കാകെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sc judge says mohanlals dialogue and wins claps