ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ എൻഡിഎ പരിഗണിച്ചില്ല; ജെആർപി ഇനി ഒറ്റയ്ക്ക് നിൽക്കും; സി കെ ജാനു റിപ്പോർട്ടറിനോട്

എന്‍ഡിഎ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും സി കെ ജാനു

മുത്തങ്ങ: എന്‍ഡിഎയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. മുന്നണി എന്ന നിലയില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് എന്‍ഡിഎ പരിഗണന നല്‍കിയില്ലെന്ന് സി കെ ജാനു പറഞ്ഞു. ഇടക്കാലത്ത് മാറി നിന്നെങ്കിലും വീണ്ടും എന്‍ഡിഎയ്‌ക്കൊപ്പം നിന്നത് പരിഗണിക്കാം എന്ന വാക്കിന്റെ പുറത്തായിരുന്നു. എന്നാല്‍ എന്‍ഡിഎ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും ജാനു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെആര്‍പി സ്വതന്ത്രമായി മത്സരിക്കുമെന്നും ജാനു പറഞ്ഞു. ജെആര്‍പി ഇനി ഒറ്റയ്ക്ക് നില്‍ക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജാനു പറഞ്ഞു. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയെ പട്ടിക വര്‍ഗ പ്രദേശമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. മുത്തങ്ങ ഭൂസമര കേസ് പിന്‍വലിക്കാനായി കോടതി കേന്ദ്രത്തിന് കത്ത് അയച്ചെങ്കിലും പരിഹാരമുണ്ടായില്ല. മുന്നൂറോളം ആളുകള്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. പത്ത് വര്‍ഷമായിട്ടും പാതി വഴിയില്‍ നിര്‍മ്മാണം നിര്‍ത്തിയ ആദിവാസി വീടുകള്‍ നിരവധിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആദിവാസികളോട് ഇപ്പോള്‍ കാണിക്കുന്ന നിലപാടില്‍ ശക്തമായ അമര്‍ഷമുണ്ടെന്നും സി കെ ജാനു കൂട്ടിച്ചേര്‍ത്തു.

ഇന്നലെയായിരുന്നു എന്‍ഡിഎ മുന്നണി വിട്ടുവെന്നുള്ള സി കെ ജാനുവിന്റെ നിര്‍ണായക പ്രഖ്യാപനം. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. എന്‍ഡിഎയില്‍ നിന്ന് അവഗണന നേരിട്ടുവെന്ന് മുന്നണി വിട്ടുകൊണ്ടുള്ള പ്രഖ്യാപനത്തിനിടെ ജാനു പറഞ്ഞിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ എന്‍ഡിഎയിലായിരുന്നു സി കെ ജാനു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പിന്നീട് 2018 ല്‍ എന്‍ഡിഎ വിട്ട സി കെ ജാനു 2021 ല്‍ എന്‍ഡിഎയില്‍ തിരിച്ചെത്തുകയായിരുന്നു.

Content Highlights- NDA never consider JRP as a party says c k janu

To advertise here,contact us