മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: നിയമനടപടികൾ പൂര്‍ത്തിയായി; വീടുകളുടെ നിർമാണം നാളെ ആരംഭിക്കുമെന്ന് മുസ്‌ലിം ലീഗ്

നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും

മലപ്പുറം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീട് നിര്‍മിച്ച് നല്‍കുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നുവെന്ന് മുസ്‌ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയായതായി മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചു. വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നാളെ ആരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

ലീഗ് ദേശീയ-സംസ്ഥാന- ജില്ല ഭാരവാഹികള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കും. നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മാണ ചുമതല. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി റോഡരികിലാണ് ലീഗിന്റെ വീട് നിര്‍മാണം. എട്ട് സെന്റില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ നൂറ് വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു മുസ്‌ലിം ലീഗ് നേതാക്കള്‍ നേരത്തേ അറിയിച്ചിരുന്നത്. മുസ്‌ലിം ലീഗ് പ്രത്യേക സംസ്ഥാന കമ്മറ്റി യോഗവും നാളെ മുട്ടിലില്‍ വെച്ച് ചേരുന്നുണ്ട്.

ഒരുപാട് കടമ്പകള്‍ കടന്നിട്ടാണ് ഈ നിലയിലേക്ക് എത്തിയതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം റിപ്പോർട്ടറിനോട് പറഞ്ഞു. നാളെ നിര്‍മാണ പ്രവൃത്തികള്‍ ഔപചാരികമായി ആരംഭിക്കും. നിലവില്‍ സ്ഥലത്ത് ലാന്‍ഡ് ഡെവലപ്‌മെന്റ് നടന്നുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം ലീഗിന്റെ സ്വപ്‌ന പദ്ധതിയാണിതെന്നും പിഎംഎ സലാം പറഞ്ഞു. പദ്ധതി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്നും പിഎംഎ സലാം ആരോപിച്ചു. അനാവശ്യ വിവാദങ്ങളായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. മുസ്‌ലിം ലീഗാണ് പദ്ധതിക്ക് പിന്നില്‍ എന്നതുകൊണ്ട് പല ഭാഗത്തുനിന്നും പദ്ധതിക്ക് തടസ്സം സൃഷ്ടിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലവില്‍ ഒരു വീടിന്റെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിക്കായിരിക്കുന്നത്. എല്ലാ വീടുകളും ഒരുമിച്ച് പൂര്‍ത്തിയാക്കി നല്‍കണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എട്ട് മാസമാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് സമയം നല്‍കിയിരിക്കുന്നത്. മെയ് മാസത്തോടെ കയറി താമസിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് അര്‍ഹരെ കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു ലീഗ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് അടുക്കുമ്പോഴും ലീഗിന്റെ പ്രഖ്യാപനം എങ്ങുമെത്തിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മനഃപൂര്‍വ്വം പദ്ധതിക്ക് തടയിടുകയാണെന്നായിരുന്നു മുസ്‌ലിം ലീഗ് പറഞ്ഞത്. നിയമനടപടികള്‍ക്കൊടുവിലാണ് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് മുസ്‌ലിം ലീഗ് കടന്നിരിക്കുന്നത്.

മേപ്പാടി വെള്ളിത്തോടായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിനായി ലീഗ് പത്തര ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. സര്‍ക്കാര്‍ മാതൃകയില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീട് നിര്‍മിക്കുമെന്നായിരുന്നു ലീഗ് അറിയിച്ചിരുന്നത്. വീടുകള്‍ക്കൊപ്പം ഒരു കമ്മ്യൂണിറ്റി സെന്റര്‍ പാര്‍ക്ക് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രധാന റോഡിനോട് ചേര്‍ന്നായിരുന്നു ഭവന സമുച്ചയം. വീടുകളിലേക്ക് റോഡ്, കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും ലീഗ് പറഞ്ഞിരുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ച് 105 ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെ പുനരധിവാസ പദ്ധതിക്ക് എതിരായി റവന്യു വകുപ്പിന്റെ നോട്ടീസ് വന്നു. ഇതോടെ ലീഗ് നേതൃത്വം നിയമനടപടി സ്വീകരിക്കുകയായിരുന്നു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു. വയനാട് പുനരധിവാസത്തിന്റെ പേരില്‍ ലീഗ് നേതാക്കള്‍ വ്യാപക സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ജലീലിന്റെ ആരോപണം. പൊതുജനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നാല്‍പത് കോടിയോളം സ്വരൂപിച്ചുവെന്നും എന്നാല്‍ പുനരധിവാസം എങ്ങുമെത്തിയില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് കിട്ടേണ്ട പണം അവനവന്റെ പോക്കറ്റിലാക്കാനുള്ള ലീഗ് നേതാക്കളുടെ ശ്രമം നടക്കില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.

Content Highlights- Muslim league house construction for mundakai-chooralmala disaster victims will start tomorrow

To advertise here,contact us