തിരുവനന്തപുരം: കെഎസ്ആര്ടിസി ജീവനക്കാര്ക്ക് ശമ്പളം എത്തി. അക്കൗണ്ടില് ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര് പറഞ്ഞു. ഫെസ്റ്റിവല് അലവന്സും ബോണസും നാളെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര് ആഘോഷിക്കാതെ നമുക്ക് എന്ത് ഓണം എന്നും മന്ത്രി ഗണേഷ് കുമാര് ഫേസ്ബുക്കില് കുറിച്ചു.
'പ്രിയപ്പെട്ട കെഎസ്ആര്ടിസി ജീവനക്കാര്ക്ക് ഈ മാസവും ഒന്നാം തീയതിയ്ക്ക്മുന്നേ (ആഗസ്റ്റ് 31 നു) ശമ്പളം അവരവരുടെ അക്കൌണ്ടുകളില് എത്തിയിട്ടുണ്ട്. ജീവനക്കാര്ക്ക് ഞാന് വാക്ക് നല്കിയ ഫെസ്റ്റിവല് അലവന്സും ബോണസും നാളെ വിതരണം ചെയ്യും. ഓണമല്ലേ, നിങ്ങള് ആഘോഷിക്കാതെ ഞങ്ങള്ക്ക് എന്ത് ആഘോഷം.ആഘോഷിക്കൂ കെഎസ്ആര്ടിസി യ്ക്കൊപ്പം…??' കെ ബി ഗണേഷ് കുമാര് പറഞ്ഞു.
കെഎസ്ആര്ടിസി ജീവനക്കാര്ക്ക് ഓണത്തിന് ബോണസ് നല്കുമെന്ന് ഗണേഷ് കുമാര് പറഞ്ഞിരുന്നു. ഒന്നാം തിയതി ശമ്പളം നല്കിയതോടെ കെഎസ് ആര്ടിസിയുടെ പ്രവര്ത്തനം മെച്ചപ്പെട്ടു. കൂടാതെ കെഎസ്ആര്ടിസി എ ഐ സോഫ്റ്റ് വയര് വാങ്ങിയെന്നും ബസുകളുടെ ഷെഡ്യൂള് വരെ ഇനി തീരുമാനിക്കാന് കഴിയുമെന്നും മന്ത്രി സൂചിപ്പിച്ചിച്ചിരുന്നു. ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേണ്, കളക്ഷന്, വണ്ടിയുടെ സ്ഥാനം ഇതൊക്കെയും അറിയാന് കഴിയും. 3,500 ജീവനക്കാരുടെ പരാതികള് നിലവില് കെട്ടിക്കിടക്കുന്നു. ഇ ഓഫീസ് സംവിധാനത്തില് അത് പകുതിയായി കുറയ്ക്കാന് കഴിയുമെന്നും മന്ത്രി പറഞ്ഞിരുന്നു. 2020 ന് ശേഷം ആദ്യമായി ഏപ്രിലില് ആയിരുന്നു കെഎസ്ആര്ടിസി ജീവനക്കാര്ക്ക് ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ ശമ്പളം എത്തിയത്.
Content Highlights: KSRTC employees' salaries have Distributed Said KB Ganesh Kumar