ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്‍ത്ഥി റെയില്‍പാളത്തിലൂടെ ഓടി ജീവനൊടുക്കാന്‍ ശ്രമിച്ചു,രക്ഷപ്പെടുത്തി

പ്ലസ് ടു വിദ്യാര്‍ത്ഥി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു ജീവനൊടുക്കാന്‍ ശ്രമിച്ചത്

വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടര്‍ന്ന് അധ്യാപകന്‍ ശകാരിച്ചതിന് ജീവനൊടുക്കാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി. അധ്യാപകന്‍ ശകാരിച്ചതിന് പിന്നാലെ റെയില്‍വേ പാളത്തിലൂടെ ഓടിയ വിദ്യാര്‍ത്ഥിയെ വടകര പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സ്‌കൂളില്‍ നടന്ന ഓണാഘോഷം പരിധി വിട്ടപ്പോള്‍ അധ്യാപകന്‍ ഇടപെടുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടി. കൂട്ടുകാരെ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറയുകയും അവര്‍ അധ്യാപകരെ വിവരമറിയിക്കുകയുമായിരുന്നു. അധ്യാപകര്‍ ഉടന്‍ വടകര പൊലീസില്‍ വിവരമറിയിച്ചു. മൊബൈല്‍ ടവര്‍ പരിശോധിച്ച് ഇരിങ്ങല്‍ ഭാഗത്താണ് വിദ്യാര്‍ത്ഥിയുടെ ലൊക്കേഷന്‍ എന്ന് കണ്ടെത്തി. പൊലീസെത്തുമ്പോള്‍ റെയില്‍വേ പാളത്തിന് സമീപം നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

പൊലീസ് അടുത്തേക്ക് ചെന്നപ്പോഴേക്കും വിദ്യാര്‍ത്ഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. തുടര്‍ന്ന് കളരിപ്പാടത്തുവച്ച് തീണ്ടി വരുന്നതിനിടെ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlight; Student rescued from Vadakara railway tracks

To advertise here,contact us