മൂത്താൻതറ സ്കൂളിലെ സ്ഫോടനം; ജാഗ്രതാ സദസ് നടത്തി പ്രതിഷേധിക്കാൻ യൂത്ത് ലീ​ഗ്

സ്കൂൾ നിയന്ത്രിക്കുന്ന ആ‍ർഎസ്എസിനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം

പാലക്കാട്: പാലക്കാട് ജില്ലയിലെ മൂത്താൻതറ സ്‌കൂൾ പരിസരത്തുണ്ടായ സ്ഫോടനത്തിന് പിന്നാലെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗും വെൽഫയർ പാർട്ടിയും. സ്കൂൾ നിയന്ത്രിക്കുന്ന ആ‍ർഎസ്എസിനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.

വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. വൈകിട്ട് അഞ്ചിന് മുസ്ലീം യൂത്ത് ലീഗും പ്രതിഷേധിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ഉൾപ്പെടെ പങ്കെടുക്കുന്ന ജാഗ്രതാ സദസ് നടത്തിയാണ് മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

സ്‌കൂൾ പരിസരത്ത് നിന്ന് പന്നിപ്പടക്കം പോലുള്ള സ്‌ഫോടക വസ്തു ലഭിച്ച കുട്ടി അതുമായി അടുത്ത വീട്ടിലേക്ക് പോവുകയായിരുന്നു. ഈ വീട്ടിൽ 84 വയസുകാരിയായ ലീലാമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടി സ്‌ഫോടക വസ്തു വെച്ച് കളിക്കുമ്പോൾ അത് വലിച്ചെറിയാൻ ലീലാമ്മ ആവശ്യപ്പെട്ടു. ഇതുപ്രകാരം കുട്ടി അത് വലിച്ചെറിഞ്ഞെങ്കിലും വീട്ടുമുറ്റത്ത് തന്നെ കിടന്ന് പൊട്ടുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിക്കും വയോധികയ്ക്കും പരിക്കേറ്റിരുന്നു.

സ്‌കൂൾ പരിസരത്ത് നിന്ന് കണ്ടെത്തിയത് മാരക സ്‌ഫോടകവസ്തു എന്ന് എഫ്‌ഐആർ വ്യക്തമാക്കിയിരുന്നു. മനുഷ്യജീവന് ഭീഷണിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടക വസ്തു ഉപേക്ഷിച്ചതെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കുട്ടികൾക്കെതിരായ ക്രൂരത, സ്‌ഫോടക വസ്തു നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരുന്നു. കുട്ടിക്ക് പരിക്കേറ്റിട്ടുള്ളതിനാൽ ജുവനൈൽ ജസ്റ്റിസ് വകുപ്പിലെ 75-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.

Content Highlights: Muslim Youth League and Welfare Party protest following the blast in Moothanthara School in Palakkad district

To advertise here,contact us