കണ്ണൂർ: ഡിറ്റനേറ്റർ പൊട്ടിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ദർശിത (22) സ്വന്തം വീടിന് സമീപത്തെ പൂജാരിക്ക് രണ്ടുലക്ഷം രൂപ നൽകിയതായി അന്വേഷണസംഘം കണ്ടെത്തി. കർണാടക ഹുൻസൂരിലെ പൂജാരിയുടെ വീട്ടിൽ നിന്ന് ഈ പണം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ഭാവിയിൽ പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കാൻ വീട്ടിൽ പൂജ നടത്താനാണ് രണ്ടുലക്ഷം രൂപ പൂജാരിക്ക് നൽകിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുഭാഷിന്റെ ഭാര്യ ദർശിത കല്യാട്ടെ ഭർതൃവീട്ടിൽനിന്ന് രണ്ടരവയസ്സുള്ള മകൾക്കൊപ്പം ഹുൻസൂരിലെ സ്വന്തം വീട്ടിലേക്ക് പോയത്. അന്നുതന്നെ കല്യാട്ടെ വീട്ടിൽനിന്ന് 30 പവനും നാലുലക്ഷം രൂപയും മോഷണം പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിലെത്തിയ ദർശിത ശനിയാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി ജനാർദനയെ കണ്ട് രണ്ടുലക്ഷം രൂപ ഏൽപ്പിച്ചത്. യുവതിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് അന്വേഷണ സംഘത്തോട് ജനാർദന സമ്മതിച്ചിട്ടുണ്ട്. കവർച്ചയും കൊലപാതകവുമായി ജനാർദനയ്ക്ക് ബന്ധമില്ലെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ വെളളിയാഴ്ച്ച കണ്ണൂർ കല്യാട്ടെ ദർശിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നു 30 പവൻ സ്വർണവും നാലുലക്ഷം പണവും മോഷണം പോയിരുന്നു. അന്നേ ദിവസം ദർശിത മകളുമൊത്ത് തന്റെ കർണാടകയിലുളള വീട്ടിലേക്ക് പോയതായിരുന്നു. സ്വർണം നഷ്ടമായ വിവരം അറിഞ്ഞതിനു പിന്നാലെ പൊലീസ് ദർശിതയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ദർശിത മകളെ വീട്ടിലാക്കി കർണാടക സ്വദേശിക്കൊപ്പം പോയി എന്ന വിവരം പൊലീസിന് പിന്നീട് ലഭിച്ചു. അതിനുപിന്നാലെയാണ് യുവതിയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖം വികൃതമായ നിലയിലായിരുന്നു. മുറിയിൽ രക്തം തളംകെട്ടി കിടക്കുകയായിരുന്നു.
സാലിഗ്രാമിലെ ലോഡ്ജിൽവെച്ച് ദർഷിതയും സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് സിദ്ധരാജു ദർശിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കൊലപാതകത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് കർണാടക പൊലീസിന് അറസ്റ്റിലായ യുവാവ് നൽകിയ മൊഴി. രാവിലെ ഒന്നിച്ച് അമ്പലത്തിൽ പോയിരുന്നെന്നും അതിനുശേഷമാണ് ലോഡ്ജിൽ മുറിയെടുത്തത്, പിന്നീട് ഭക്ഷണം വാങ്ങാൻ താൻ പുറത്തുപോയി. തിരികെ വന്നപ്പോൾ ദർശിത മുറി തുറന്നില്ലെന്നും ലോഡ്ജ് ജീവനക്കാരെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ദർശിതയെ മരിച്ച നിലയിൽ കണ്ടതെന്നുമായിരുന്നു യുവാവിന്റെ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
Content Highlights: darshitha death case updates